മഹാകുംഭമേള ഇന്ന് സമാപിക്കും; 64 കോടിയോളം പേര്‍ ഇത്തവണ മേളയ്ക്ക് എത്തിയെന്ന് കണക്കുകള്‍; ഇന്ന് 2 കോടിയോളം തീര്‍ത്ഥകര്‍ സ്‌നാനം ചെയ്യും
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് സമാപനമാകുക. 64 കോടിയോളം പേര്‍ ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകള്‍. പൊതു ജനങ്ങള്‍ക്കുള്ള പ്രത്യേക ദിനമായ ഇന്ന് 2 കോടി തീര്‍ത്ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ തന്നെ അമൃത സ്‌നാനം ആരംഭിച്ചു. മഹാകുംഭമേള വെറുമൊരു മതസമ്മേളനം മാത്രമല്ല, ഹിന്ദു ഐക്യത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിതനാഥ് പറഞ്ഞു. അമൃത സ്‌നാനം ചെയ്യാനായി തിങ്കളാഴ്ച മുതല്‍ ജനങ്ങള്‍ ഇവിടെ തമ്പടിക്കുന്നുണ്ട്. ജനത്തിരക്ക് കൈകാര്യം ചെയ്യാനും വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, ഗതാഗതം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
തിക്കും തിരക്കും നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനുകളില്‍ ക്രമീകരണങ്ങള്‍ ഊര്‍ജ്ജിതമാണ്. കുംഭമേളയിലും ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായ സാഹചര്യത്തിലാണ് അതിജാഗ്രത.
മെഡിക്കല്‍ യൂണിറ്റുകള്‍ 24 മണിക്കൂറും സജ്ജം. ഇന്നലെ 15,000ല്‍പ്പരം ശുചീകരണ തൊഴിലാളികള്‍ പങ്കെടുത്ത ശുചീകരണ യജ്ഞം നടത്തി. 10 കിലോമീറ്ററോളം തൂത്തു വൃത്തിയാക്കി. ശൂചീകരണ യജ്ഞങ്ങളില്‍ ഇത് ലോക റെക്കോര്‍ഡാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേളയ്ക്ക് ജനുവരി 13ലെ പൗഷ് പൗര്‍ണിമ സ്‌നാനത്തോടെയാണ് തുടക്കമായത്. മകരസംക്രാന്തി ദിനമായ ജനുവരി 14 (ഒന്നാം ഷാഹി സ്‌നാനം), മൗനി അമാവാസി ദിനമായ ജനുവരി 29 (രണ്ടാം ഷാഹി സ്‌നാനം), വസന്ത പഞ്ചമി ദിനമായ ഫെബ്രുവരി മൂന്ന് (മൂന്നാം ഷാഹി സ്‌നാനം), മാകി പൂര്‍ണിമ ദിനമായ ഫെബ്രുവരി 12 എന്നീ തീയതികളില്‍ അമൃതസ്‌നാനം നടന്നു.