KeralaTop News

‘കെ.സുധാകരൻ തുടരട്ടെ, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മാറ്റം വേണ്ട’; ശശി തരൂർ

Spread the love

കെ സുധാകരന് പിന്തുണയുമായി ഡോ.ശശി തരൂർ എം പി. കെപിസിസി പ്രസി‍ഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് ശശി തരൂർ പ്രതികരിച്ചു. കെ സുധാകരന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിൽ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാർട്ടിയിൽ ഐക്യം വേണമെന്ന് തന്നെയാണ് തൻറെ ആഗ്രഹം. അതിന് കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന കേരളത്തിൽ നേതൃമാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റണമെന്ന് ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. അടൂർ പ്രകാശ് , ബെന്നി ബഹനാൻ , റോജി എം ജോൺ എന്നിവരുടെ പേരുകളാണ് പരിഗണന പട്ടികയിൽ ഉള്ളത്. ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റമുണ്ടാകും.

ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്നും തനിക്കൊരു പരാതിയുമില്ലെന്നും കെ സുധാകരൻ പ്രതികരിച്ചിരുന്നു. തന്നെ നീക്കാം നീക്കാതിരിക്കാം. എഐസിസിക്ക് മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ തനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘർഷാവസ്ഥയിൽ അല്ല, തൃപ്തനായ മനസിൻറെ ഉടമയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.