അതി നിർണായകം, ഡോണൾഡ് ട്രംപിൻ്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനോട് പ്രതിഷേധിച്ച് ‘ഡോജി’ൽ കൂട്ടരാജി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ ചേരും. എല്ലാ വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ക്യാബിനറ്റ് അംഗമല്ലാത്ത ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി അഥവാ ‘ഡോജ്’ തലവൻ ഇലോൺ മസ്‌കും ട്രംപിന്‍റെ ആദ്യ ക്യാബിനറ്റ് യോഗത്തിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം മസ്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഡോജിൽ നിന്നും കൂട്ടരാജി വച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ. ഒറ്റയടിക്ക് 21 ഉദ്യോഗസ്ഥരാണ് ഡോജിൽ നിന്നും രാജിവെച്ചത്. മസ്കിന്റെ നടപടികൾ സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം തകർക്കുന്നുവെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ രാജിവച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് ട്രംപ് മടങ്ങിയെത്തിയതിന് പിന്നാലെയുള്ള വലിയ പ്രഖ്യാപനമായിരുന്നു ഡോജ്. ശതകോടീശ്വരൻ എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള ഡോജ് ഇപ്പോൾ ട്രംപ് ഭരണകൂടത്തിന് വലിയ തലവേദനയായി മാറുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ കൂട്ടരാജിയിലൂടെ വ്യക്തമാകുന്നത്. നേരത്തെ യുഎ സ് ഫെഡറൽ ജീവനക്കാരോടുള്ള ‘ജസ്റ്റിഫൈ യുവർ ജോബ്’ എന്ന എലോൺ മസ്‌കിന്റെ ഇ മെയിലും വലിയ പൊല്ലാപ്പുണ്ടാക്കിയിരുന്നു. ട്രംപിന്‍റെ ടീമിനുള്ളിൽ വലിയ ഭിന്നതക്ക് വരെ മെയിൽ കാരണമായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മസ്ക്കിന്‍റെ മെയിലിനോട് ട്രംപ് ഭരണകൂടത്തിനുള്ളിൽ നിന്ന് അപ്രതീക്ഷിതമായ പ്രതിഷേധം ഉയർത്തി എഫ് ബി ഐ മേധാവി കാഷ് പട്ടേൽ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി.
മസ്‌കിന്റെ ‘ജസ്റ്റിഫൈ യുവർ ജോബ്’ മെയിൽ മൈൻഡാക്കണ്ടെന്നാണ് കാഷ് പട്ടേൽ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ആഴ്ച നിങ്ങൾ ചെയ്ത ജോലി എന്താണെന്ന് എല്ലാ ഫെഡറൽ ജീവനക്കാരും വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം അവർ രാജിവച്ചതായി പരിഗണിക്കും എന്നുമായിരുന്നു മസ്കിൻ്റെ മെയിൽ. മസ്കിൻ്റെ ഡോജ് വകുപ്പ് നിലവിൽ വന്നതോടെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാരുടെ ജോലി പോയിട്ടുണ്ട്. ഇതേ നിലയിൽ മസ്കിന്‍റെ പ്രവർത്തനം മുന്നോട്ട് പോയാൽ പ്രതിഷേധം ശക്തമാകുമെന്നാണ് വ്യക്തമാകുന്നത്.