വിവാഹത്തിന് നിയമാനുസൃത സാക്ഷികളാകാൻ വളർത്ത് പട്ടിയും; അംഗീകാരം നൽകി ന്യൂയോർക്ക് അടക്കം 29 യുഎസ് സംസ്ഥാനങ്ങൾ
ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിലൊന്നാണ് വിവാഹം. അതുവരെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി, മറ്റൊരാളോടൊപ്പം ജീവിതം ആരംഭിക്കുന്ന അസുലഭമായ മുഹൂര്‍ത്തം. അത്തരമൊരു നിമിഷം തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാകും മിക്ക മൃഗ സ്നേഹികളും. അത്തരക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി അമേരിക്കയിലെ 29 സംസ്ഥാനങ്ങൾ രംഗത്ത്. ന്യൂയോര്‍ക്ക് നഗരമടക്കമുള്ള 29 അമേരിക്കന്‍ സംസ്ഥാനങ്ങളിലും ഇനി മുതല്‍ തങ്ങളുടെ യജമാനന്‍റെ വിവാഹത്തിന് നിയമാനുസൃത സാക്ഷികളാകാന്‍ വളർത്തു മൃഗങ്ങളായ പട്ടി, പൂച്ച, ഹാംസ്റ്റർ, മുയൽ എന്നിവയ്ക്ക് കഴിയും.
അലബാമ, അർക്കൻസാസ്, കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്, ഫ്ലോറിഡ, ഹവായ്, ഐഡഹോ, ഇല്ലിനോയിസ്, ഇന്ത്യാന, അയോവ, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിസിസിപ്പി, മിസ്സോറി, മൊണ്ടാന, നെവാഡ, ന്യൂ ഹാംഷെയർ, ന്യൂയോർക്ക്, ഒഹായോ, പെൻസിൽവാനിയ, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ടെന്നസി, ടെക്സാസ്, വെർമോണ്ട്, വിർജീനിയ, വെസ്റ്റ് വിർജീനിയ, വാഷിംഗ്ടൺ ഡി.സി. എന്നീ യുഎസ് സംസ്ഥാനങ്ങളാണ് വളര്‍ത്തുമൃഗങ്ങളെ നിയമാനുസൃത വിവാഹ സാക്ഷികളാക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാത്രമല്ല ഇതില്‍ കൊളറാഡോ, ഇല്ലിനോയിസ്, കൻസാസ്, മെയ്ൻ, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ എട്ട് സംസ്ഥാനങ്ങൾ വളർത്തുമൃഗങ്ങളെ വിവാഹ ഓഫീസറായി സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കുന്നുവെന്ന് കോർട്ട്ലി റിപ്പോര്‍ട്ട് ചെയ്യുന്നു.
2025 ജനുവരിയിലാണ് ന്യൂയോര്‍ക്ക് നഗരം വളര്‍ത്തുമൃഗങ്ങളെ ഔദ്ധ്യോഗിക വിവാഹ സാക്ഷികളായി അംഗീകരിച്ചത്. വളര്‍ത്തുമൃഗങ്ങളുടെ മുന്‍കാൽ മഷിയില്‍ മുക്കി വിവാഹ ഉടമ്പടിയില്‍ ഒപ്പ് വയ്പ്പിക്കുന്നതാടെ വിവാഹത്തിലെ നിയമാനൃസൃത സാക്ഷികളാകാന്‍ അവയ്ക്ക് കഴിയുന്നു. ‘ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നവരുമായി ഞങ്ങളുടെ വിവാഹം പങ്കിടാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ മുഴുവൻ കുടുംബത്തെയും ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള മികച്ച മാർഗമായിരുന്നു അത്.’ അടുത്തിടെ വിവാഹിതയായ ജെന്നിഫർ ക്ലെയർ മാധ്യമങ്ങളോട് പറഞ്ഞു. ജെന്നിഫറിന്‍റെ വിവാഹത്തിന് അവളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയായിരുന്നു ഔദ്ധ്യോഗിക സാക്ഷികളില്‍ ഒരാൾ.