KeralaTop News

ബിജെപിയുടെ അവഗണന, റബര്‍ രാഷ്ട്രീയം ഉയര്‍ത്തി മഞ്ഞക്കടമ്പന്റെ പൂഴിക്കടകന്‍

Spread the love

കേവലം പത്തുമാസം മാത്രം പ്രായമായ ഡമോക്രാറ്റിക് കേരളാ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് സജി മഞ്ഞക്കടമ്പില്‍ തൃണമൂലില്‍ അഭയം തേടിയതിനു പിന്നില്‍ എന്താണ്?. തികഞ്ഞ അവഗണനയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെന്നാണ് സജി മഞ്ഞക്കടമ്പില്‍ പറയുന്നത്.

തിരഞ്ഞെടുപ്പ് കാലത്തുണ്ടായ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയതായി സജി .ഡോട്ട്‌കോമിനോടു പറഞ്ഞു. എന്‍ ഡി എയുടെ ഭാഗമാക്കിയിട്ടും ഒരു യോഗത്തിനുപോലും വിളിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ തീരുമാനത്തിലേക്ക് എത്തിയത്.
സംസ്ഥാനത്ത് 14 ജില്ലകളിലും കമ്മിറ്റിയുള്ള പാര്‍ട്ടിയാണ് ഡമോക്രാറ്റിക് കേരളാ കോണ്‍ഗ്രസ്. പാര്‍ട്ടി പൂര്‍ണമായും തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കും. ഉടന്‍ ലയന സമ്മേളനം നടക്കുമെന്നും, യുഡിഎഫ് നേതാക്കളുടെ കൂടി ആവശ്യം മുന്‍നിര്‍ത്തിയാണ് പി വി അന്‍വറുമായി ചര്‍ച്ചകള്‍ നടത്തിയതെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണ് സജി കേരളാ കോണ്‍ഗ്രസിനോട് വിടപറയുന്നത്. കോട്ടയം സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചതോടെ പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തി സജി യു ഡി എഫിനെ പ്രതിരോധത്തിലാക്കി. പിന്നീട് മോന്‍സ് ജോസഫിനോടുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നു. ഇതോടെയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് സജി രംഗത്തെത്തുന്നത്.

കേരളാ കോണ്‍ഗ്രസ് എമ്മിനൊപ്പമായിരുന്ന സജി മഞ്ഞക്കടമ്പില്‍ ജോസ് കെ മാണിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും രാജിവച്ച് ജോസഫ് ഗ്രൂപ്പിലെത്തിയത്. കോട്ടയം സീറ്റ് കൈവിട്ടതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനോടും വിടപറയുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു യു ഡി എഫിനെ വെട്ടിലാക്കിയ തീരുമാനം കൈക്കൊള്ളുന്നതും യു ഡി എഫ ജില്ലാ ചെയര്‍മാനായ സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടി വിട്ടത്. യു ഡി എഫ് കേന്ദ്രങ്ങള്‍ ഇടപെട്ട് സജി മഞ്ഞക്കടമ്പിലിനെ തിരികെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ജോസ് കെ മാണിയും സജിയെ സമീപിച്ചിരുന്നുവെങ്കിലും ആരുമായും സഖ്യമുണ്ടാക്കാന്‍ സജി തയ്യാറായില്ല. എന്നാല്‍ ബി ഡി ജെ എസ് നേതാവും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായിരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച സജി കേരളാ കോണ്‍ഗ്രസ് ഡമോക്രാറ്റിക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. എന്‍ ഡി എയുടെ ഭാഗമായതായി പ്രഖ്യാപിച്ചെങ്കിലും എന്‍ ഡി എ നേതൃത്വം സജി മഞ്ഞക്കടമ്പലിനെ പരിഗണിക്കാന്‍ തയ്യാറായില്ല.

ചില ജനകീയ വിഷയങ്ങളില്‍ ഇടപെടാനും മറ്റും നീക്കം നടത്തിയെതല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ വളരാന്‍ സജിയുടെ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് സജിയും കൂട്ടരും ടി എം സിയില്‍ അഭയം തേടിയത്.

റബര്‍ കര്‍ഷകരുടെ വിഷയം ഉയര്‍ത്തിപ്പിടിച്ചാണ് ഡമോക്രാറ്റിക് കേരളാ കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടിയെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ലയിപ്പിക്കുന്നത്. റബറിന്റെ വിലയിടിവില്‍ ഇടപെടണമെന്ന ആവശ്യത്തോട് ബി ജെ പി നേതൃത്വം അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിച്ചില്ലെന്നും വിഷയം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ എത്തിക്കാന്‍ സഹകരിച്ചില്ലെന്നുമാണ് സജി പ്രധാനമായി ഉന്നയിക്കുന്നത്.

സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി ബി ജെ പി പാളയത്തിലേക്ക് പോയ സജിക്ക് ക്രിസ്റ്റ്യന്‍ മേഖലയില്‍ രാഷ്ട്രീയമായ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു ബി ജെ പി കരുതിയിരുന്നത്. എന്നാല്‍ ഡമോക്രാറ്റിക് കേരളാ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച രീതിയില്‍ ക്രിസ്റ്റിയന്‍ വിഭാഗത്തില്‍ പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് എന്‍ ഡി എയുടെ ഭാഗമായി പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്നും ബി ജെ പി പിറകോട്ടുപോയത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം സജിയേയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയേയോ ബി ജെ പി നേതാക്കള്‍ ബന്ധപ്പെട്ടിരുന്നില്ല. എന്‍ ഡി എയിലെ ഘടകകക്ഷിയെന്ന പരിഗണന കിട്ടാതായതോടെ ്പ്രവര്‍ത്തകര്‍ക്കിടയിലും പ്രതിഷേധം ഉടലെടുത്തിരുന്നു.പി വി അന്‍വറുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്നാണ് സജി വ്യക്തമാക്കുന്നത്. യു ഡി എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്നും കോട്ടയത്ത് തന്റെ അഭാവം യു ഡി എഫിനും ബോധ്യപ്പെട്ടുവെന്നും എന്നും സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.