മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ആലുവ മണപ്പുറം; ലക്ഷാര്‍ച്ചനയോടെ ചടങ്ങുകള്‍ തുടങ്ങി
പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ എത്തുന്ന മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ആലുവ മണപ്പുറം. രാവിലെ ലക്ഷാര്‍ച്ചനയോടെ ചടങ്ങുകള്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 116 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി ചടങ്ങുകളോട് അനുബന്ധിച്ച് കൊച്ചി മെട്രോയും, കെഎസ്ആര്‍ടിസിയും രാത്രി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.
ആംബുലന്‍സ് സര്‍വീസ്, നേവിയുടെയും മുങ്ങല്‍ വിദഗ്ധരുടെയും സേവനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ നഗരസഭ ഓഫിസ്, പൊലീസ് കണ്‍ട്രോള്‍ റൂം, ഫയര്‍ സ്റ്റേഷന്‍, ജില്ലാ ആശുപത്രിയുടെ അത്യാഹിത യൂണിറ്റ് എന്നിവ തുറക്കും. റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ നാല് മണി മുതല്‍ ക്ഷേത്രത്തിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഇന്ന് രാത്രി നടക്കുന്ന ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കുന്ന കുംഭത്തിലെ വാവുബലിയുമാണ് പ്രധാനപ്പെട്ട ചടങ്ങ്. ക്ഷേത്രകര്‍മങ്ങള്‍ക്കു മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും ആഘോഷങ്ങള്‍ നടക്കുക. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ടാകും. ഇന്ന് വൈകിട്ട് മുതല്‍ നാളെ ഉച്ചവരെ ഏതാണ്ട് ഏഴ് ലക്ഷത്തോളം പേര്‍ ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.