എമ്പുരാൻ ഇന്ത്യയിൽ ഈ വർഷത്തെ ഏറ്റവും ബഡ്‌ജറ്റുള്ള ചിത്രം ; അഭിമന്യു സിങ്
എമ്പുരാനിലെ രണ്ടാമത്തെ ക്യാരക്റ്റർ പോസ്റ്റർ ആയി അണിയറപ്രവർത്തകർ ബൽറാം എന്ന കഥാപാത്രത്തിന്റെ പോസ്റ്ററും വിഡിയോയും റിലീസ് ചെയ്തതിനു പിറകെ ബൽറാമിനെ അവതരിപ്പിച്ച അഭിമന്യു സിംഗിന്റെ പ്രസ്താവന വൈറൽ ആകുന്നു. എമ്പുരാൻഇന്ത്യയിൽ ഈ വർഷത്തെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണെന്നാണ് അഭിമന്യു ഒരു അഭിമുഖത്തിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
“ഈ ചിത്രത്തിന് വേണ്ടി അവർ ചിലവഴിച്ച പണം, നമുക്ക് സ്‌ക്രീനിൽ കാണാനും കഴിയും. ചിത്രത്തിലെ ഓരോ ഷോട്ടും മനോഹരമാണ്, അവയ്ക്ക് വേണ്ടി നൽകിയിട്ടുള്ള ക്യാമറ വർക്കും, ലൈറ്റിങ്ങും, ഓരോ സീനും ഡിസൈൻ ചെയ്ത രീതിയും, അതിനു വേണ്ടി ഉള്ള അധ്വാനവും എല്ലാം ഞെട്ടിപ്പിക്കുന്നതാണ്. എമ്പുരാനിലെ ഓരോ സെക്കൻഡും ഒരു വിരുന്നു തന്നെയാണ്. അത് കണ്ടാൽ ഇത് ഇന്ത്യയിൽ നിർമ്മിച്ചോരു ചിത്രമാണെന്ന് പറയുകയേ ഇല്ല. ചിത്രത്തിന്റെ ടീസർ കണ്ടാൽ അതൊരു ഹോളിവുഡ് ചിത്രമാണന്നേ പറയൂ” അഭിമന്യു സിങ് പറയുന്നു.
എമ്പുരാനിൽ പ്രിത്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന സായിദ് മസൂദിന്റെ ഫ്ലാഷ്ബാക്കിലെ രംഗങ്ങളിലാണ് അഭിമന്യു സിംഗിന്റെ ബൽറാം എന്ന കഥാപാത്രത്തെ കാണാൻ സാധിക്കുക എന്നാണു റിപ്പോർട്ടുകൾ. സായിദ് മസൂദിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് സലാർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തികേയദേവ് എന്ന നടൻ ആണ്. ആ രംഗങ്ങളിൽ മോഹൻലാലിന്റെ അബ്രാം ഖുറേഷിയെയും കാണാൻ സാധിക്കും എന്നാണ് അഭിമന്യു സിംഗിന്റെ പുതിയ അഭിമുഖത്തിലൂടെ വെളിവാകുന്നത്.
“മോഹൻലാൽ ഒരു മഹാനായ നടനും വ്യക്തിയുമാണ്, അദ്ദേഹവുമായി എനിക്കൊരു കോമ്പിനേഷൻ സീനും ഉണ്ട്, അദ്ദേഹം വളരെ എഫേർട്ട്ലെസ്സ് ആയിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്, അത് ചുമ്മാ നോക്കിയിരുന്നാൽ തന്നെ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കും. മലയാളം സിനിമ വളരെ കുറഞ്ഞ ബഡ്ജറ്റിൽ സിനിമകൾ നിർമ്മിക്കുന്ന അവസ്ഥയിൽ നിന്ന് ഏറ്റവും ബഡ്‌ജറ്റുള്ള സിനിമ നിർമ്മിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു. എല്ലാം ഒരു സമയം ആണെന്ന് പറയേണ്ടിയിരിക്കുന്നു” അഭിമന്യു സിങ് പറഞ്ഞു.