KeralaTop News

പാതിവില തട്ടിപ്പ്; റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും

Spread the love

പാതിവില തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പൊലീസ് ഒഴിവാക്കും. നിയമ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ആഭ്യന്ത വകുപ്പിനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. ജഡ്ജിമാര്‍ നിയമത്തിന് മുകളിലല്ലെന്ന് പൊതുസമൂഹം വിമര്‍ശിക്കുമെന്നും ആ വിമര്‍ശനം പരിഗണിക്കപ്പെടേണ്ടതാണ് എന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പക്ഷേ ഒരു ജഡ്ജിക്കെതിരെ കേസെടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുണ്ടാകും. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കുറ്റപ്പെടുത്താനാവില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പൊലീസ് ആധികാരികത പാലിക്കണമെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നാണ് പൊലീസ് നല്‍കിയ മറുപടി. പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഒരുകൂട്ടം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണ പൊലീസാണ് റിട്ട ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിചേര്‍ത്തത്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പടെ ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കി.
ഇതേ കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നും അഭിഭാഷകയെന്ന നിലയിൽ നിയമോപദേശം നൽകുക മാത്രമാണ് ചെയ്തത് എന്നുമാണ് ജാമ്യഹർജിയിൽ ലാലി വാദിച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അനന്തു കൃഷ്ണനിൽ നിന്നും 46 ലക്ഷം രൂപ കൈപ്പറ്റിയത് ഫീസിനത്തിലാണെനും ലാലി വാദിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചകം അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ലാലിക്ക് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിർദേശം നൽകി. കേസിലെ ഏഴാം പ്രതിയാണ് ലാലി വിൻസൻ്റ്.