Top NewsWorld

യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്ത് അമേരിക്ക, ഇന്ത്യ വിട്ടുനിന്നു

Spread the love

ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ റഷ്യയുമായി കൈകോർത്ത്‌ അമേരിക്ക.
റഷ്യൻ അധിനിവേശം അപലപിച്ചുള്ള യുക്രൈൻ പ്രമേയത്തെ അമേരിക്ക എതിർത്തു.
പ്രമേയത്തെ എതിർക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം യൂറോപ്യൻ രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാൽ ഇന്ത്യ മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാട് തന്നെയാണ് വിഷയത്തിൽ ഇക്കുറിയും തുടർന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയായിരുന്നു. യുക്രൈൻ-റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. യൂറോപ്പിന്റെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് യുഎസ് റഷ്യക്കൊപ്പം നിന്നത്. യുദ്ധത്തെ അപലപിക്കുകയും യുക്രൈനിൽ നിന്ന് റഷ്യ പിന്മാറണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുവാൻ നേരത്തെ ഡൊണാൾഡ് ട്രംപ് ശ്രമം നടത്തിയിരുന്നു . ഇതിന്റെ ഭാഗമായി ഇരു രാഷ്ട്ര തലവൻമാരുമായും ട്രംപ് സംസാരിച്ചിരുന്നു. അനുനയ ചർച്ചകളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടക്കുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് യുഎൻ പ്രമേയത്തിലും റഷ്യൻ നിലപാടിനെ അനുകൂലിച്ച് യുഎസ് രംഗത്ത് വരുന്നത്.