കാൻസർ രോഗികൾ അകാല മരണമടയുന്നു; ആശങ്കയുളവാക്കുന്ന കണക്കുകളുമായി കേന്ദ്ര ഏജൻസി
കാൻസർ രോഗം നിർണയിക്കപ്പെട്ട അഞ്ചിൽ മൂന്ന് പേർ അകാല മരണത്തിന് ഇരയാകുന്നുവെന്ന് പഠനം. ലിംഗഭേദവും പ്രായവും അനുസരിച്ചുള്ള കാൻസർ പ്രവണതകളെക്കുറിച്ച് രാജ്യത്തെ പരമോന്നത ആരോഗ്യ ഗവേഷണ ഏജൻസിയായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലെ കണ്ടെത്തലാണിത്. ഗ്ലോബൽ കാൻസർ ഒബ്സർവേറ്ററി ഇനീഷ്യേറ്റീവിൻ്റെ കണക്കുകൾ പ്രകാരം കാൻസർ രോഗികളുടെ അകാല മരണനിരക്ക് 64.8 ശതമാനമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് കാൻസർ ബാധിച്ച സ്ത്രീകളാണ് അകാല മരണത്തിൽ കൂടുതൽ. രോഗം കണ്ടെത്താൻ വൈകുന്നതും കൃത്യമായ ചികിത്സ ലഭിക്കാത്തതും ഇന്ത്യയിൽ മരണ നിരക്ക് കൂടാൻ കാരണമായി ഡോക്ടർമാർ പറയുന്നു. ഇന്ത്യയിൽ കാൻസർ രോഗികളുടെ അകാല മരണ നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. 2000 ത്തിൽ 4.9 ലക്ഷം പേർ പ്രതിവർഷം മരിച്ച സ്ഥാനത്ത് 2022 ൽ 9.17 ലക്ഷം പേരാണ് കാൻസർ ബാധിച്ച് മരിച്ചതെന്നാണ് കണക്ക്.
സ്ത്രീകളിൽ പുതിയ കാൻസർ രോഗികളിൽ 13.8 ശതമാനവും സ്തനാർബുദ രോഗികളാണ്. 10.3 ശതമാനം ഓറൽ കാൻസറും 9.2 ശതമാനം സെർവികൽ കാൻസറും 5.8 ശതമാനം റെസ്‌പിറേറ്ററി കാൻസറുമാണ്. പുരുഷന്മാരിൽ പുതിയ കാൻസർ രോഗികളിൽ 15.6 ശതമാനവും ഓറൽ കാൻസറാണ്. എട്ടര ശതമാനം ശ്വാസകോശ അർബുദവും 6.6 ശതമാനം ഓസോഫഗേൽ കാൻസറും 6.3 ശതമാനം കൊളോറെക്ടൽ കാൻസറുമാണ്.
റെസ്പിറ്റേറി-ഓസോഫഗേൽ കാൻസർ കേസുകളാണ് കൂടുതൽ മരണ നിരക്കിലേക്ക് നയിക്കുന്നത്. 100 പുതിയ രോഗികളിൽ 93 ശതമാനമാണ് ഈ രോഗ ബാധിതരുടെ മരണ നിരക്ക്. കുട്ടികളിൽ ലുക്കീമിയ ആണ് പ്രധാനം. പുതിയ കേസുകളിൽ 41 ശതമാനവും ലുക്കീമിയയാണ്. ബ്രെയിൻ കാൻസർ 13.6 ശതമാനവും ലിംഫോമ 6.4 ശതമാനവുമാണ്. ആൺകുട്ടികളിൽ ലുക്കീമിയ ബാധിച്ച 43 ശതമാനം പേരും പെൺകുട്ടികളിൽ ലുക്കീമിയ ബാധിച്ച 38 ശതമാനവും മരണത്തിന് കീഴടങ്ങുന്നു. ബ്രെയിൻ കാൻസർ രോഗികളിൽ മരണ നിരക്ക് ആൺകുട്ടികളിൽ 16 ശതമാനവും പെൺകുട്ടികളിൽ 17 ശതമാനവുമാണ്.
കാൻസർരോഗ ബാധിതരിൽ കൂടിയ പങ്കും മധ്യവയസ്കരാണ്, 7.04 ലക്ഷം. പ്രതിവർഷം ഇവരിൽ 4.84 ലക്ഷം പേർ മരിക്കുന്നുണ്ട്. വയോധികരിൽ പുതിയ കാൻസർ രോഗബാധിതരുടെ എണ്ണം പ്രതിവർഷം ശരാശരി 3.13 ലക്ഷമാണ്. 2.35 ലക്ഷമാണ് ശരാശരി മരണ നിരക്ക്.