ആറളം കാട്ടാന ആക്രമണം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി
കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളി-ലീല ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി. 5 ലക്ഷം വീതം 10 ലക്ഷം രൂപയാണ് മക്കൾക്ക് കൈമാറിയത്.
ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചവിട്ടിൽ നെഞ്ചും തലയും തകർന്നു പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതോടെ ശരീരങ്ങളിൽ ആഘാതം ഉണ്ടായതും മരണത്തിന് കാരണമായി.
ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്ന ദമ്പതികൾ രാവിലെ കശുവണ്ടി ശേഖരിക്കാനെത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. പിന്നാലെ വാർത്ത പുറംലോകം അറിഞ്ഞതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ആനപ്പേടിയിൽ പുനരധിവാസ മേഖലയിൽ ജീവിതം വഴിമുട്ടിയെന്നും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണം എന്നുമായിരുന്നു പ്രതിഷേധത്തിന് മുന്നിൽ നിന്ന നാട്ടുകാരുടെ ആവശ്യം.
പ്രതിഷേധം തണുപ്പിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജനുൾപ്പെടെയുള്ള നേതാക്കൾ ആദ്യമെത്തിയെങ്കിലും സംസാരിക്കാൻ ഒരുങ്ങുന്നതിനു മുന്നേ പ്രതിഷേധക്കാർ ജില്ലാ സെക്രട്ടറിയുടെ കഴുത്തിന് പിടിച്ചു. പിന്നാലെ എത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല.
ജില്ലാ കളക്ടർ അരുൺ കെ വിജയൻ സ്ഥലത്ത് എത്തിയെങ്കിലും വനം മന്ത്രിയെത്താതെ അനുനയത്തിനില്ലെന്ന് പ്രതിഷേധക്കാർ അറിയിക്കുകയായിരുന്നു. ഒടുവിൽ വൈകീട്ട് ഏഴുമണിയോടെ മന്ത്രി ആറളം ഫാമിലേക്ക് എത്തുകയായിരുന്നു. ആന മതിലിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും, നിർമ്മാണം നിലച്ചതിന് പിന്നിലെ കുറ്റക്കാർക്കെതിരെ നടപടിയെന്നും മന്ത്രി എ കെ ശശീന്ദ്രൻ എഴുതി ഉറപ്പു നല്കിയതോടെയാണ് പ്രതിഷേധം സമവായത്തിലെത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണിത്. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 19 ത് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് ആറളം ഫാമിലെ ആന മതിൽ നിർമ്മാണം പൂർത്തിയാവേണ്ടതാണ്. പണി ഇഴഞ്ഞതോടെ ഈ വർഷം മാർച്ച് 31 നകം പണി പൂർത്തീകരിക്കാൻ മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയും നിർദ്ദേശം നൽകി. പക്ഷേ ഇപ്പോഴും നാല് കിലോമീറ്റർ മാത്രമാണ് മതിൽ നിർമ്മിച്ചത്.