രാജ്കോട്ടിൽ ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തിയ സംഭവം;മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്
ഗുജറാത്തിലെ ഗൈനക്കോളജി ക്ലിനിക്കിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിപ്പിച്ചതിൽ മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ് . ഇവരിൽ ഒരാൾ സൂറത്തിൽ നിന്നും മറ്റ് രണ്ട് പേരെ മഹാരാഷ്ട്രയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ ഇതുവരെ ആറു പേർ അറസ്റ്റിലായിട്ടുണ്ട് .പ്രതികളിൽ ഒരാൾ ഇപ്പോഴും ഒളിവിലാണ് അയാൾക്കായി പൊലീസ് തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ് . ഇതിൽ സൂറത്തിൽ നിന്നുള്ള പരിത് ധമേലിയ എന്നയാളാണ് രാജ്കോട്ടിലെ പായൽ ആശുപത്രിയിലെ സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്തത്.
ഇവരിൽ മഹാരാഷ്ട്രയിൽ നിന്നുള്ള റയാൻ റോബിൻ പരേരയാണ് സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ ടെലഗ്രാമിൽ പ്രചരിപ്പിച്ചത്. ടെലിഗ്രാം വഴിയാണ് പ്രതികൾ ഹാക്കിങ് പഠിച്ചതെന്നും ,കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ 50,000-ത്തിലധികം സിസിടിവി ദൃശ്യങ്ങൾ ടെലഗ്രാം ചാനൽ വഴി വിൽക്കുകയും അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
സിസിടിവി ക്യാമറകൾ ഹാക്ക് ചെയ്യാൻ ഇവർ ഉപയോഗിച്ച സോഫ്റ്റ്‌വെയർ ഉപകരണങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തിൽ യൂട്യൂബിലും ടെലഗ്രാമിലും ഹാക്കിംഗ് വീഡിയോകൾ കണ്ടിരുന്ന ഇവർ പിന്നീട് ടെലഗ്രാമിലെ മറ്റ് ഹാക്കിംഗ് ഗ്രൂപ്പുകളുമായും, ഐഡികളുമായും ചേർന്ന് ഹാക്കിങ് ആരംഭിക്കുകയായിരുന്നു. ഈ ഗ്രൂപ്പുകളും ഐഡികളും ഇപ്പോൾ നിലവിൽ പ്രവർത്തനരഹിതമായത് പൊലീസിന് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ചില ഐപി അഡ്രസ്സുകൾ റൊമാനിയയിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ വിപിഎൻ ഉപയോഗിച്ചിട്ടുള്ളതിനാൽ അവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. കൂടാതെ ആശുപത്രി ദൃശ്യങ്ങൾ പ്രചരിച്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടും ,ബംഗ്ലാദേശിൽ നിന്നുള്ള മറ്റൊരു ഐഡിയും കണ്ടെത്തിയിട്ടുണ്ട്.അതിനാൽ തന്നെ ദൃശ്യങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്കും പ്രചരിച്ചിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഇത്തരത്തിൽ ദൃശ്യങ്ങൾ വിറ്റ് ഏകദേശം 6 ലക്ഷം രൂപയോളം പ്രതികൾ സമ്പാദിച്ചതായും കണ്ടെത്തി. എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ പറ്റുന്ന ക്യാമറകളിൽ നിന്നുമാണ് പ്രതികൾ ദൃശ്യങ്ങൾ ശേഖരിച്ച് വിൽക്കുന്നതെന്നും ഇതുപോലെ മറ്റേതെങ്കിലും വിഡിയോകൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികൾ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇത്തരം ചാനലുകൾ വിലക്കാൻ ഉദ്യോഗസ്ഥർ ടെലഗ്രാമിന് കത്തെഴുതിയിട്ടുണ്ട്.