Monday, February 24, 2025
Latest:
KeralaTop News

പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങി

Spread the love

ചാനൽ ചർച്ചയ്ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പി സി കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. അഭിഭാഷകനൊപ്പമാണ് പി സി ജോർജ് കോടതിയിൽ എത്തിയത്. പി സിയെ അനുഗമിച്ച് ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു.

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

പൂഞ്ഞാറിലെ വീട്ടിൽ നോട്ടീസ് നല്കാൻ പാലാ ഡിവൈഎസ്പി നേരിട്ടെത്തിയെങ്കിലും പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം തിങ്കളാഴ്ച നേരിട്ട് ഹാജരാകാമെന്ന് കാട്ടി മകൻ അഡ്വ ഷോൺ ജോർജ് മുഖേന പി സി ജോർജ് ഡിവൈഎസ്പിക്ക് കത്ത് നല്കി. ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സാവകാശം നല്കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ പൊലീസ് ഇതിന് മറുപടി നൽകിയിരുന്നില്ല.ചാനൽ ചർച്ചയിൽ പങ്കെടുത്ത് വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് സമൂഹമാധ്യമങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ യൂത്ത് ലീഗ് പരാതി നല്കിയതോടെ ഈരാറ്റുപേട്ട പൊലീസ് കേസ് എടുക്കുകയായിരുന്നു. പിന്നാലെ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നല്കിയെങ്കിലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.