സിനിമ സമരത്തിൽ തീരുമാനം ഇന്ന്; ഫിലിം ചേംബറിന്റെ നിർണായക യോഗം കൊച്ചിയിൽ
ജൂൺ ഒന്നു മുതൽ സംസ്ഥാനത്ത് സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം ചേംബറിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ ചേരും. എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കാനാണ് ഫിലിം ചേംബറിന്റെ യോഗം.
പിന്തുണ തേടി നിർമ്മാതാക്കളുടെ സംഘടന ഫിലിം ചേംബറിന് കത്തും നൽകിയിരുന്നു. അതേസമയം, സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഡയറക്ടഴ്സ് യൂണിയൻ ഇന്നലെ രംഗത്തെത്തി. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഡയറക്ടേഴ്സ് യൂണിയന്റെ നിലപാട്. ഫിലിം ചേംബറിന്റെ പിന്തുണ ലഭിച്ചാൽ സമരവുമായി മുന്നോട്ട് പോകാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.
ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം.