മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആയിട്ടില്ലെന്ന് സിപിഐഎം; എപ്പോഴേ ആയെന്ന് സിപിഐ; ആശയഭിന്നത ആയുധമാക്കി പ്രതിപക്ഷം
പ്രതിലോമകരമായ ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമര്‍ത്താനുള്ള ത്വരയും പ്രകടമാക്കുന്നത് നവഫാസിസ്റ്റ് സ്വഭാവമാണ്’. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് പ്രമേയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെക്കുറിച്ചുള്ള സിപിഐഎം കാഴ്ചപ്പാട് വായിച്ചവര്‍ക്കെല്ലാം ആകപ്പാടെ ആശയക്കുഴപ്പം.
ആകമാന ഇടതുപക്ഷവും അതുവരെ വിശ്വസിച്ചിരുന്നത് മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നുതന്നെയാണ്. പക്ഷേ അങ്ങനെയല്ലെന്ന് പറയുന്നു, ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളില്‍ പ്രബലരായ സിപിഐഎം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രകമ്മിറ്റി സംസ്ഥാന ഘടകങ്ങള്‍ക്കയച്ച രഹസ്യരേഖയില്‍ വിശദീകരിക്കുന്നത് ഇങ്ങനെ: ‘നവഫാസിസ്റ്റ് സ്വഭാവങ്ങളുടെ പ്രകടനം എന്നതുകൊണ്ട് പാര്‍ട്ടി ഉദ്ദേശിക്കുന്നത് ഫാസിസത്തിലേക്കുള്ള പ്രവണത എന്നു മാത്രമാണ്. എന്നുവെച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൂര്‍ണമായും നവഫാസിസ്റ്റുകളായി മാറിയിട്ടില്ല. ഇന്ത്യയെ നവഫാസിസ്റ്റ് രാജ്യമെന്നും പറയാറായിട്ടില്ല’.
പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഹിന്ദുത്വ-കോര്‍പ്പറേറ്റ് ഭരണം നവഫാസിസമായി വളരാനുള്ള അപകട സാധ്യതയെക്കുറിച്ചാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന സിപിഐ, സിപിഐ എംഎല് പാര്‍ട്ടികളുടെ നിലപാട് തള്ളിക്കൊണ്ടാണ് സിപിഐഎമ്മിന്റെ വിശദീകരണം.
മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന നിലപാട് സിപിഐഎമ്മിന് തിരുത്തേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ആര്‍എസ്എസ് പൂര്‍ണമായും ഫാസിസ്റ്റ് സംഘടനയാണ്. ആ സംഘടന നയിക്കുന്ന മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തന്നെയെന്നാണ് സിപിഐ നിലപാട്.
‘നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രവണത’ ആദ്യമായല്ല സിപിഐഎമ്മില്‍ സംവാദ വിഷയമാകുന്നത്.
അന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടും സിതാറാം യെച്ചൂരിയും ആയിരുന്നു ഇരുധ്രുവങ്ങളില്‍. ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് പ്രകാശ് കാരാട്ട് ദ ഇന്ത്യന്‍ എക്സ്പ്രസില്‍ 2016ല്‍ ലേഖനം എഴുതി. ദിവസങ്ങള്‍ക്കുള്ളില്‍ പ്രകാശ് കാരാട്ടിനെ തള്ളിക്കൊണ്ട് സീതാറാം യെച്ചൂരി രംഗത്തെത്തി. രാജ്യത്തെ സാമൂഹികാന്തരീക്ഷം അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. 1930കളില്‍ യൂറോപ്പില്‍ ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍ അവലംബിച്ച രീതികളാണ് ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നതെന്നും സിതാറാം യെച്ചൂരി അന്ന് ചൂണ്ടിക്കാട്ടി
9 വര്‍ഷത്തിന് ശേഷവും സിപിഐഎം വിലയിരുത്തുന്നത് നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ആയിട്ടില്ലെന്ന് തന്നെ. അതേസമയം, ആര്‍എസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്നും ബിജെപി അതിന്റെ രാഷ്ട്രീയ മുഖമാണെന്നും കരട് പ്രമേയത്തില്‍ പറയുന്നുമുണ്ട്. കണ്ണൂരില്‍ നടന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ ആര്‍എസ്എസിന്റെ ഫാസിസ്റ്റ് അജണ്ട് നടപ്പിലാക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന് പറഞ്ഞിരുന്നു. അന്നും ഇന്നും ഇതേ നിലപാടാണെന്നും ഫാസിസം വന്നു എന്ന് സിപിഐഎം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കുകയാണ് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്.
സൈദ്ധാന്തിക ചട്ടക്കൂടുകളില്‍ നിന്നുകൊണ്ടുള്ള സിപിഐഎം വിശദീകരണം പ്രായോഗിക രാഷ്ട്രീയത്തില്‍ എങ്ങനെയെല്ലാം വ്യാഖ്യാനിക്കപ്പെടുമെന്ന് കണ്ടറിയണം. സിപിഐഎമ്മിന് ബിജെപിയോട് മൃദുസമീപനമാണെന്ന വിമര്‍ശനത്തിന് മൂര്‍ച്ചകൂട്ടാന്‍ പുതിയൊരു സാധ്യത വീണുകിട്ടിയതിന്റെ ആവേശത്തിലാണ് കേരളത്തിലെ പ്രതിപക്ഷം. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന് പറയുന്ന പിണറായി വിജയന് കോണ്‍ഗ്രസിന്റെ കാര്യം അന്വേഷിക്കാന്‍ വരേണ്ടെന്നാണ്, തരൂര്‍ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് കെ മുരളീധരന് പറഞ്ഞത്.