ഐസിസി ചാമ്പ്യന്‍സ് ട്രോഫി: കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ പാകിസ്താനെ തകര്‍ത്ത് ടീം ഇന്ത്യ
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ തകര്‍ത്ത് ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ജയത്തോടെ ഇന്ത്യ സെമി ഏറക്കുറെ ഉറപ്പിച്ചപ്പോള്‍ പാകിസ്താന്റെ സാധ്യതകള്‍ തുലാസിലായി.
ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു. മികച്ച തുടക്കത്തിന് ശേഷം രോഹിത് ശര്‍മ്മ ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ വീണെങ്കിലും വിരാട് കോഹ്‌ലി, ശുഭ്മാന്‍ ഗില്ലിനെയും ശ്രേയസ് അയ്യരെയും കൂട്ടുപിടിച്ച് ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 111 പന്തില്‍ ഏഴ് ബൗണ്ടറികളോടെയായിരുന്നു കോഹ്‌ലിയുടെ ഏകദിനത്തിലെ 51ാം സെഞ്ച്വറി. ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും കുമാര്‍ സംഗക്കാരക്കും പിന്നാലെ 14000 ക്ലബിലെത്തുന്ന താരമെന്ന റെക്കോര്‍ഡും ഇതിനിടെ കോഹ്‌ലിക്ക് സ്വന്തമായി.
ശ്രേയസ് അയ്യര്‍ 56 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ സംഭാവന 46 റണ്‍സ് ആയിരുന്നു. 15 പന്തില്‍ 20 റണ്‍സ് നേടിയ രോഹിത്തിനെ ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 31 റണ്‍സായിരുന്നു. പിന്നീട് 69 റണ്‍സ് രണ്ടാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്‍ – വിരാട് കോഹ്‌ലി കൂട്ടുകെട്ട് നേടിയെങ്കിലും 46 റണ്‍സ് നേടിയ ഗില്ലിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കി. പിന്നീട് വിരാട് കോഹ്‌ലിയും ശ്രേയസ്സ് അയ്യരും അനായാസം ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ 200 കടന്ന് വിജയത്തിനടുത്തേക്കെത്തി. ഈ കൂട്ടുകെട്ട് 114 റണ്‍സാണ് നേടിയത്.
ടോസ് ഒഴിച്ച് ഒന്നും പാകിസ്താന്റെ വഴിക്കായിരുന്നില്ല. തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പതറിയ പാക് ഇന്നിങ്‌സ് 241ല്‍ ഒതുങ്ങി. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദിക് പണ്ഡ്യ രണ്ട് വിക്കറ്റ് നേടി.
രണ്ടില്‍ രണ്ട് ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ വീഴ്ത്തിയാല്‍ ഇന്ത്യയുടെ സെമി പ്രവേശവും പാകിസ്ഥാന്റെ പുറത്താകലും ഔദ്യോഗികമാവും.