KeralaTop News

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു

Spread the love

കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ 39 കാരിയാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ ആണ് യുവതി മരണപ്പെടുന്നത്. വിദേശത്ത് നിന്നെത്തിച്ച 5 മരുന്നുകൾ യുവതിക്ക് നൽകിയിരുന്നു. രോഗബാധ എങ്ങനെയുണ്ടായി എന്ന കാരണങ്ങളടക്കം ആരോഗ്യ പ്രവർത്തകർ പരിശോധിച്ചു വരികയാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍സെഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍സെഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി റേറ്റ്.അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ല. സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്‌ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.