യുപിഎസ്‌സിയേക്കാൾ കൂടുതൽ അംഗങ്ങളും ശമ്പളവും; മറ്റ് സംസ്ഥാനങ്ങളെ മറികടന്ന് കേരള PSC ഒന്നാമത്
പിഎസ്‌സി അംഗങ്ങളുടെ എണ്ണത്തിൽ യുപിഎസ്‌സിയെയും മറ്റ് സംസ്ഥാനങ്ങളെയും മറികടന്ന് രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ പോലും 16 പേർ മാത്രമുള്ളപ്പോഴാണ് കേരളത്തിൽ 20 പിഎസ്‌സി അംഗങ്ങൾ. ശമ്പളക്കാര്യത്തിലും യുപിഎസ്‌സിയെ മറികടക്കുകയാണ് കേരള പിഎസ്‌സി ചെയർമാനും അംഗങ്ങളും.
ചെയർമാനും മെമ്പർമാരുമടക്കം 20 പേരാണ് നിലവിൽ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ഭരിക്കുന്നത്. ഇതിൽ 14 പേരും സിപിഎം പ്രതിനിധികൾ. ബാക്കിയുള്ളത് ഘടകകക്ഷികൾക്കും വീതിച്ചു നൽകിയിരിക്കുന്നു. സിവിൽ സർവീസ് പരീക്ഷയടക്കം നിയന്ത്രിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റിക്രൂട്ടിംഗ് ഏജൻസിയായ യുപിഎസ്‌സിയിൽ പോലും ആകെയുള്ളത് ചെയർമാനടക്കം 7 അംഗങ്ങൾ മാത്രം.29 സംസ്ഥാനങ്ങളുടെ കണക്കെടുത്താലും മുമ്പിൽ കേരളം തന്നെ.
രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ പോലും ആകെയുള്ളത് 16 അംഗങ്ങൾ മാത്രം. തമിഴ്നാട്ടിലും ആന്ധ്രയിലും രാജസ്ഥാനിലും 8 പിഎസ്‌സി അംഗങ്ങൾ വീതമുണ്ട്. ഗുജറാത്തിൽ 7, ഹരിയാനയിലും തെലങ്കാനയിലും ആറ്, ഉത്തർപ്രദേശും ബിഹാറുമടക്കം 5 സംസ്ഥാനങ്ങളിൽ 5 പേർ മാത്രമാണ് പബ്ലിക് സർവീസ് കമ്മീഷനുകളിലെ അംഗങ്ങൾ. മറ്റ് സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ സംഖ്യ ഇതിലും കുറവുമാണ്.
അംഗങ്ങൾക്കും ചെയർമാനും നൽകുന്ന ശമ്പളത്തിലും സാക്ഷാൽ യുപിഎസ്‌സിയെപ്പോലും കേരളത്തിലെ പിഎസ്‌സി നാണിപ്പിക്കും. അലവൻസടക്കം കണക്കിലെടുക്കുമ്പോൾ കേരളത്തിലെ പിഎസ്‌സി ചെയർമാൻ്റെ പ്രതിമാസ ശമ്പളം നാല് ലക്ഷത്തിലധികമായിട്ടാണ് ഉയരുന്നത്. അംഗങ്ങൾക്കും നാല് ലക്ഷത്തോളം രൂപ ലഭിക്കും. അതേ സമയം യുപിഎസ്‌സി ചെയർമാന്റെ ശമ്പളം അലവൻസുകൾ കൂട്ടിയാലും 3.5 ലക്ഷം മാത്രം. അംഗങ്ങൾക്കും അലവൻസുകളടക്കം ലഭിക്കുന്നത് 3.25 ലക്ഷം മാത്രം.