‘ശശി തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പരിഹരിക്കും; ആരും പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ പാടില്ല’; കെ മുരളീധരൻ
ശശി തരൂരിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് കെ മുരളീധരൻ. ശശി തരൂരിന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു കൂടെ നിർത്തണം. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണ്. ആരും പാർട്ടിയിൽ നിന്ന് പുറത്തു പോകാൻ പാടില്ല. ദേശീയ രാഷ്ട്രീയത്തിലാണ് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിയുകയെന്ന് കെ മുരളീധരൻ പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരും ജയിക്കുന്നത് പാർട്ടി വോട്ടുകൾക്ക് പുറത്തുള്ളവരുടെ വോട്ടു കൊണ്ടാണ്. പക്ഷെ പാർട്ടി പ്രവർത്തകരാണ് അതിനു വേണ്ടി പണിഎടുക്കുന്നത്. 84,89,91ലും എ ചാൾസ് തിരുവനന്തപുരത്ത് നിന്ന് ജയിച്ചിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥി ആണെങ്കിലെ ജയിക്കൂവെന്ന് കെ മുരളീധരൻ പറഞ്ഞു.
പിണറായി വിചാരിച്ചാൽ പോലും മൂന്നാമത് അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് കെ മുരളീധരൻ പറയുന്നു. അന്താരാഷ്ട്ര വിഷയങ്ങളിൽ ശശി തരൂരിന് മികച്ച രീതിയിൽ സംസാരിക്കാൻ അറിയാം. യുവ വോട്ടർമാരെ ആകർഷിക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. ഇവിടെ നമ്മളെ പോലുള്ള ചെറിയ ചെറിയ ആൾക്കാരുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചിരുന്നു.
പരിശ്രമിച്ചില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ടെന്നും ശശി തരൂർ തുറന്നുപറയുന്നു. സ്വന്തം വോട്ടുകൾ കൊണ്ട് മാത്രം കോൺഗ്രസിന് തിരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്കാസ്റ്റിലായിരുന്നു തരൂരിന്റെ പ്രതികരണം.