‘പാത്രത്തിലെ മീനൊന്നും പിടയ്ക്കാത്തതെന്താ? പെടയ്ക്കുന്ന മീനില്ലെങ്കില്‍ വന്നതെന്തിനാ? ‘ വിചിത്ര ന്യായം പറഞ്ഞ് കൊച്ചിയില്‍ മീന്‍ വില്‍പ്പനക്കാരിക്ക് നേരെ ആക്രമണം
എറണാകുളം മുളന്തുരുത്തിയില്‍ പെടയ്ക്കുന്ന മീന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് മീന്‍ വില്‍പ്പനക്കാരിയ്ക്ക് നേരെ ആക്രമണം. സംഭവത്തില്‍ മുളന്തുരുത്തി സ്വദേശിയായ സാബു എന്നയാളെ കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് മുളന്തുരുത്തി പൊലീസിനെ വിവരമറിയിച്ചത്.
പൊലീസ് കസ്റ്റഡിയിലെടുത്ത സാബു കടുത്ത മദ്യപാനിയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. പതിവുപോലെ മദ്യപിച്ചെത്തിയ ഇയാള്‍ മീന്‍ വില്‍പ്പനക്കാരിക്കടുത്തെത്തി മീന്‍ പിടയ്ക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആക്ഷേപിച്ചു. പിന്നീട് പിടയ്ക്കുന്ന മീന്‍ ഇല്ലാതെ നിങ്ങളെന്തിന് ഇവിടെ വന്നു എന്ന് ചോദിച്ച് ഇയാള്‍ ക്ഷുഭിതനാകുകയും സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ സ്ത്രീയുടെ മീന്‍ പാത്രം വലിച്ചെറിഞ്ഞു.
സംഭവത്തിന് ശേഷം റോഡിലിരുന്ന് കരയുന്ന സ്ത്രീയുടെ ദുരവസ്ഥ കണ്ട നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. ഉടന്‍ തന്നെ മുളന്തുരുത്തി എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തുകയും അക്രമത്തിനിരയായ സ്ത്രീയെ സമാധാനിപ്പിക്കുകയും ചെയ്തു. അതിവേഗത്തില്‍ തന്നെ പൊലീസ് സാബുവിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.