NationalTop News

പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; 4 ഹോട്ടല്‍ ജീവനക്കാര്‍ പിടിയില്‍

Spread the love

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ഉപദ്രവിച്ചത്.

പരിചയക്കാരനായ ഒരാള്‍ തന്നെ ഹോട്ടലിന്‍റെ ടെറസിലേക്ക് കൊണ്ടു പോയി. അവിടെ വേറെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി നാലുപേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ പറഞ്ഞു. പിടിയിലായ പ്രതികള്‍ ഹോട്ടല്‍ ജീവനക്കാരാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അക്രമത്തിനിരയായ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ വ്യക്തമാക്കി.

പീഡനത്തിനിരയായ യുവതി തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയത്. തുടർന്ന് പൊലീസ് കൂട്ട ബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.