KeralaTop News

ഈരാറ്റുപേട്ടയിലെ എല്ലാവരും തീവ്രവാദികളാണെന്ന് പിസി ജോർജ് പറഞ്ഞിട്ടില്ല; അറസ്റ്റ് ചെയ്യണമെങ്കിൽ ചെയ്യട്ടെ, അഡ്വ ഷോൺ ജോർജ്

Spread the love

പി സി ജോർജിന്റെ പരാമർശം എവിടെയും മതസ്പർദ ഉണ്ടാക്കിയിട്ടില്ലെന്ന് അഡ്വ ഷോൺ ജോർജ്. എല്ലാ കാലത്തും ഈരാറ്റുപേട്ടയെ സ്നേഹിച്ച വ്യക്തിയാണ് പി സി ജോർജ്. അദ്ദേഹം ചാനലിൽ നടത്തിയ പരാമർശത്തിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പിറ്റേദിവസം തന്നെ ക്ഷമാപണം നടത്തിയിട്ടുണ്ട് ഷോൺ ജോർജ് പറഞ്ഞു.

നോട്ടീസ് വന്ന ഈരാറ്റുപേട്ട സി ഐ ഓഫിസ് പിസി ജോർജ് ഉണ്ടാക്കിയതാണ്, പിസി ജോർജ് ഹാജരാകേണ്ട മജിസ്റ്ററേറ്റ് കോടതിയും അദ്ദേഹം ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിൽ ഇപ്പോൾ കാണുന്ന മുൻസിപ്പാലിറ്റി ലീഗിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ട് പിസി ജോർജ് യുഡിഎഫിൽ പ്രവർത്തിച്ച കാലത്ത് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി സി ജോർജ് പറഞ്ഞിട്ടില്ല. പക്ഷെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകൾ ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഒരു ജനപ്രതിനിധിയെന്ന നിലയിൽ അദ്ദേഹം ചെയ്തിട്ടുള്ളത്. ഇനിയും തീവ്രവാദ സംഘടനകൾക്ക് എതിരെ നിലപാടുകളുമായി മുന്നോട്ട് പോകും. തീവ്രവാദികളെ തീവ്രവാദികൾ എന്നല്ലാതെ KCYM എന്ന് വിളിക്കാൻ പറ്റില്ലല്ലോ ഷോൺ ജോർജ് വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചക്ക് മുൻപ് സ്റ്റേഷനിൽ ഹാജരാക്കും എന്ന് പിസി ജോർജ് അറിയിച്ചിട്ടുണ്ടെന്നും പൊലീസ് നോട്ടീസ് നൽകാൻ എത്തിയിരുന്നെങ്കിലും അദ്ദേഹം ഇല്ലാത്തതിനാൽ നോട്ടീസ് നൽകാതെ മടങ്ങി പോകുകയാണ് ചെയ്തത്. പിസി ജോർജിനെ അറസ്റ്റ് ചെയ്യണമെന്നാണെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യട്ടെ.

പാർട്ടിയുമായി കൂടിയാലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും ഷോൺ കൂട്ടിച്ചേർത്തു.
അതേസമയം, ഇന്നലെ പി സി ജോർജിന്‍റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോർജിന്‍റെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.