KeralaTop News

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കം; കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണകൾ’; മന്ത്രി പി രാജീവ്

Spread the love

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായങ്ങൾ തുടങ്ങുന്നതിൽ സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി. തൊഴിൽസമരങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ലെന്നും പി രാജീവ് പറഞ്ഞു.

നടപടികൾ സുതാര്യമായിരിക്കുമെന്ന് ഉറപ്പു നൽകുന്നതായി മന്ത്രി പി രാജീവ് പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. 18 സംസ്ഥാനങ്ങളിൽ വാട്ടർ മെട്രോ തുടങ്ങാനുള്ള സാങ്കേതിക സാധ്യത പഠനത്തിന് കെഎംആർഎല്ലിന് അനുമതി ലഭിച്ചു. അതിൽ കെഎംആർഎല്ലിനെ അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു. നിക്ഷേപത്തിന് സമയമെടുക്കുമെന്നും നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വർക്ക് ഫ്രം ഹോം പോലെ വർക്ക് ഫ്രം കേരള എന്ന ആശയം വിദേശ കമ്പനികൾക്ക് മുന്നിൽവച്ചു. ഏത് കമ്പനിക്ക് വേണ്ടിയാണെങ്കിലും കേരളത്തിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി ഉച്ചകോടിയിൽ പറ‍ഞ്ഞു. ഇതുവഴി പുതിയ തൊഴിൽ സംസ്കാരം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. വനിത സംരംഭകർക്കായി പിങ്ക് പാർക്ക് നടപ്പാക്കുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 374 കമ്പനികൾ താല്പര്യപത്രം ഒപ്പുവച്ചു. 1,52,905 കോടി രൂപയിലധികം നിക്ഷേപം നടക്കും.

ഇൻവെസ്റ്റ് കേരളയിലെ പദ്ധതി നിർദേശങ്ങൾ നടപ്പാക്കാൻ അതിവേഗ സംവിധാനം നടപ്പിലാക്കി. നാളെ മുതൽ ഇത് പ്രവർത്തനം തുടങ്ങും. ഇതിനായി നോഡൽ ഓഫീസർമാരെ നിയോഗിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകനം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലാന്റേഷൻ ഭൂമി മറ്റ്‌ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ റവന്യൂ മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 24 ഐടി കമ്പനികൾ നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായങ്ങൾ തുടങ്ങുന്നതിന് എല്ലാവരും ഒന്നിച്ച് നിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി.