മുംബൈ വിമാനത്താവളത്തിന് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഫെയർമോണ്ട് ഹോട്ടലിൽ തീപിടുത്തം. ടെർമിനൽ 2ന് സമീപമുള്ള ഹോട്ടലാണിത്. വലിയ തോതിൽ ഹോട്ടലിൽ നിന്ന് പുക ഉയരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ഹോട്ടലിന്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയം. ഒരുപക്ഷേ ഷോർട്ട് സർക്യൂട്ട് മൂലമാകാം തീപിടുത്തം എന്ന് നിഗമനമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ജെഡബ്ല്യു മാരിയറ്റിനോട് ചേർന്നുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പുക പെട്ടെന്ന് പടർന്നു. മുൻകരുതൽ നടപടിയായി, ഹോട്ടലിലുണ്ടായിട്ടിരുന്ന എല്ലാ അതിഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എട്ട് മുതൽ പത്ത് വരെ ഫയർ എഞ്ചിനുകൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്, സഹാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.