Top NewsWorld

ടെസ്‌ലയ്ക്ക് പിന്നാലെ സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇലോൺ മസ്ക്

Spread the love

ശതകോടീശ്വരൻ ഇലോൺ മസ്‌കിൻറെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് പിന്നാലെ ഉ​പ​ഗ്രഹ ഇന്റർനെറ്റ് സേവന സംരംഭമായ സ്റ്റാർലിങ്കും ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ വേ​ഗത്തിലാക്കി. ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം തുടങ്ങുന്നതിന് ടെലികോം മന്ത്രാലയത്തിൽ നിന്ന് സാറ്റലൈറ്റ് ലൈസൻസും സ്പെക്ട്രവും കരസ്ഥമാക്കണം. ഇതിനാവശ്യമായ രേഖകളെല്ലാം ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന് (IN-SPACe) സ്പേസ് എക്സ് സമർപ്പിച്ച് കഴിഞ്ഞു. ഏജൻസിയുടെ അന്തിമ അനുമതിക്കായി കാത്തുനിൽക്കുകയാണ് ഇലോൺ മസ്ക്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ ഇന്ത്യയും സ്റ്റാർലിങ്കും തമ്മിൽ ധാരണയിലെത്താനുണ്ട്. അന്താരാഷ്ട്ര അതിർത്തിയിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെ ഇന്ത്യ മുന്നോട്ടുവെച്ച ഒട്ടുമിക്ക വ്യവസ്ഥകളും പാലിക്കാൻ സ്റ്റാർലിങ്ക് സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ സ്റ്റാർലിങ്ക് നെറ്റ്‌വർക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്.

എന്താണ് സ്റ്റാർലിങ്ക്?

താഴ്ന്ന ഭ്രമണപഥങ്ങളിലെ ഉപ​ഗ്രഹ ശൃംഘലയാണ് സ്റ്റാർലിങ്ക്. ഈ ഉപ​ഗ്രഹങ്ങളുടെ സഹായത്തോടെ ഭൂമിയിൽ അതിവേഗ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. 2025 ജനുവരി 30 വരെയുള്ള കണക്ക് പ്രകാരം 6,994 ഉപ​ഗ്രഹങ്ങളാണ് സ്റ്റാർലിങ്ക് ശൃംഘലയിലുള്ളത്. ഇതിൽ 6,957 എണ്ണം നിലവിൽ പ്രവർത്തനക്ഷമമാണ്.