KeralaTop News

ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ പങ്കില്ല; വാദത്തിലുറച്ച് എം എസ് സൊല്യൂഷൻസ് സിഇഒ

Spread the love

ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യപ്രതി എം എസ് സൊല്യൂഷൻസ് സിഇഒ എം ഷൂഹൈബ്. ചോദ്യങ്ങള്‍ തയ്യാറാക്കിയത് നേരത്തെ അറസ്റ്റിലായ അധ്യാപകര്‍ ആണ്. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ല. എം എസ് സൊലൂഷൻസിന്റെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും അതേ ചോദ്യങ്ങള്‍ ക്രിസ്മസ് പരീക്ഷയ്ക്ക് വന്നത് യാദൃശ്ചികമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

എം എസ് സൊല്യൂഷൻസിലെ അധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ അഞ്ച് ദിവസത്തേക്ക് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലും വിട്ടിരുന്നു. ഷുഹൈബ് നല്‍കിയ ചോദ്യകടലാസ് യൂട്യൂബിലൂടെ അവതരിപ്പിക്കുക മാത്രമാണ് ചെയ്തത് എന്നാണ് അധ്യാപകര്‍ മൊഴി നല്‍കിയത്. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം നടന്നിരുന്നു. മാത്രമല്ല എം എസ് സൊല്യൂഷൻസിനെ കൂടാതെ മറ്റ് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്കും ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു.

പത്താംക്ലാസിന്‍റെയും പ്ലസ് വണിന്‍റെയും ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പറുകളാണ് എംഎസ് സൊല്യൂഷന്‍സ് യുട്യൂബ് ചാനലിലൂടെ ചോര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഷുഹൈബിനെ ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തൊട്ടു പിന്നാലെ ഷുഹൈബ് ഒളിവില്‍ പോവുകയും, മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.