‘നീ സുന്ദരിയാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്’ ; അപരിചിതരായ സ്ത്രീകൾക്ക് രാത്രിയിൽ സന്ദേശമയക്കണ്ടെന്ന് കോടതി
രാത്രിയിൽ അപരിചിതരായ സ്ത്രീകൾക്ക് “നീ മെലിഞ്ഞിരിക്കുന്നു, വളരെ സ്മാർട്ടും സുന്ദരിയുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്” തുടങ്ങിയ സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലമായി കണക്കാകുമെന്ന് മുംബൈയിലെ സെഷൻസ് കോടതി. മുൻ കമ്പനി ജീവനക്കാരിക്ക് വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങൾ അയച്ചതിൽ കേസെടുത്ത വ്യക്തിയുടെ ശിക്ഷ ശരിവച്ചുകൊണ്ട് അഡീഷണൽ സെഷൻസ് ജഡ്ജി (ഡിൻഡോഷി) ഡിജി ധോബ്ലെയുടെയാണ് ഈ നിരീക്ഷണം. സാധാരണ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ വേണം അശ്ലീലതയെ വിലയിരുത്തേണ്ടതെന്ന് ഫെബ്രുവരി 18 ന് ഇറക്കിയ ഉത്തരവിൽ പറയുന്നു.
“നീ മെലിഞ്ഞവളാണ്”, “നീ വളരെ സ്മാർട്ടാണ്”, “നീ സുന്ദരിയാണ്”, “നീ വിവാഹിതയാണോ അല്ലയോ?”, “എനിക്ക് നിന്നെ ഇഷ്ടമാണ്” തുടങ്ങിയ സന്ദേശങ്ങളും, ചിത്രങ്ങളും, അർദ്ധരാത്രിയിൽ പരാതിക്കാരൻ അയച്ചതായി കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ ഒരു സ്ത്രീയോ അവരുടെ ഭർത്താവോ ഇത്തരം വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും അയക്കുന്നത് ക്ഷമിക്കില്ല, പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരനും പരസ്പരം അറിയാത്ത സാഹചര്യത്തിൽ അത് ഒരിക്കലും സാധ്യമല്ലെന്നും, പരാതിക്കാരിയും പ്രതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.
2022 ൽ ഇതേ കേസിൽ പ്രതിയെ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.രാഷ്ട്രീയ വൈരാഗ്യം മൂലമാണ് തന്നെ കേസിൽ കുടുക്കിയതെന്ന് പ്രതി കോടതിയിൽ വാദിച്ചു.എന്നാൽ, തെളിവുകൾ എല്ലാം എതിരായതിനാൽ അദ്ദേഹത്തിന്റെ വാദം കോടതി തള്ളുകയും ,മാത്രമല്ല ഒരു സ്ത്രീയും തന്റെ അന്തസ്സിനെതിരായി ഒരു പ്രതിയെ തെറ്റായ കേസിൽ കുടുക്കാൻ ശ്രമിക്കില്ല എന്നും പറഞ്ഞു. പ്രതി സ്ത്രീക്ക് അശ്ലീല വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. അതിനാൽ തന്നെ പ്രതിയെ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത് ശരിയാണെന്നും സെഷൻസ് ജഡ്ജി ചൂണ്ടിക്കാട്ടി.