PSC ചെയർമാന് പ്രധാനമന്ത്രിയെക്കാളും ശമ്പളമുണ്ട്, മുഖ്യമന്ത്രി ഇടപെട്ടാൽ ആശാവർക്കർമാരുടെ സമരം അഞ്ചു മിനിറ്റ് കൊണ്ട് തീരുമെന്ന് സി ദിവാകരൻ
ആശാവർക്കർമാരുടെ സമരം ദേശീയ നിലവാരത്തിലേക്ക് പോയെന്ന് സി ദിവാകരൻ. സമരം ഒത്തുതീർപ്പിലേക്ക് എത്തിക്കണം. മുതിർന്ന കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്.അവരോട് പ്രത്യേക താല്പര്യം കാണിക്കേണ്ടതാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാൽ അഞ്ചു മിനിറ്റ് കൊണ്ട് സമരം തീരുമെന്നും ദിവാകരൻ അഭ്യർത്ഥിച്ചു.
പിഎസ്‌സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണം. തൊഴിലിനു വേണ്ടി യുവജനങ്ങൾ നാടുവിടുന്നു. തൊഴിലില്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നു. പിഎസ്‌സിയെ കുറിച്ച് ധാരാളം പരാതികൾ പണ്ടേ വന്നതാണ്.അത് പരിശോധിക്കണം.
പി എസ് സി ചെയർമാന് പ്രധാനമന്ത്രിയെക്കാളും മുഖ്യമന്ത്രിയെക്കാളും ശമ്പളമുണ്ട്.ഒരു ടെസ്റ്റും എഴുതിയാണ് ഇവർ പദവിയിലേക്ക് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു.ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം നിശബ്ദരായിരിക്കുന്നു. സിപിഐയുടെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മുന്നണി സംവിധാനം ദുർബലപ്പെടാതിരിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും ദിവാകരൻ വ്യക്തമാക്കി.
എന്നാല്‍ ആശ വര്‍ക്കര്‍മാരുടെ സമരം മുഖ്യമന്ത്രി വിചാരിച്ചാല്‍ തീര്‍ക്കാമെന്ന് ചെന്നിത്തല പറഞ്ഞു. സിപിഐ ഇടപെട്ടാലൊന്നും പ്രശ്നപരിഹാരം ഉണ്ടാകില്ല. പഴയ സിപിഐക്ക് അതിനുള്ള ശക്തിയുണ്ടായിരുന്നു, ഇന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.