SportsTop News

രഞ്ജി ട്രോഫി കേരളം നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്കർ; അത് നമുക്കുള്ളതാണ്, കിരീടമുയര്‍ത്തൂവെന്ന് സഞ്ജു സാംസൺ

Spread the love

രഞ്ജി ട്രോഫി ഫൈനൽ യോഗ്യത നേടിയതിൽ കേരളത്തിന് ആശംസയുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. രഞ്ജി ട്രോഫി നേടാൻ കേരളത്തിനാകട്ടെ. ഇത്തവണ കേരളം കപ്പ് നേടണമെന്നാണ് ആഗ്രഹമെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു.

അതേസമയം രഞ്ജി ട്രോഫി ഫൈനൽ യോഗ്യത നേടിയതിൽ പ്രതികരണവുമായി സഞ്ജു സാംസൺ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ സഞ്ജു പറഞ്ഞതിങ്ങനെ… ”കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനത്തില്‍ ഏറെ സന്തോഷവാനാണ്. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്‌നം, ഇനി ഒരു പടി അകലെ. ഇത് നമ്മുടേതാണ്, കിരീടമുയര്‍ത്തൂ…” സഞ്ജു കുറിച്ചു.

ഗുജറാത്തിനെതിരെ നേടിയ രണ്ട് റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളം ഫൈനലില്‍ കടന്നത്. മുംബൈയെ തോല്‍പ്പിച്ച വിദര്‍ഭയാണ് 26ന് തുടങ്ങുന്ന ഫൈനലില്‍ കേരളത്തിന്റെ എതിരാളി. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംംഗ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്ത് നില്‍ക്കെ ഗുജറാത്ത് സമനിലക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്‌സേനയും(37), അരങ്ങേറ്റക്കാരന്‍ അഹമ്മദ് ഇമ്രാനും(14) രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിനായി പുറത്താകാതെ നിന്നു. സ്‌കോര്‍ കേരളം 457, 114-4, ഗുജറാത്ത് 455.