കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് നിതിൻ ഗഡ്ക്കരി
കൊച്ചി : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമ വേദിയിൽ കേരളത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി അനുവദിച്ചു.
പാലക്കാട്-മലപ്പുറം പാത 10000 കോടിയും അങ്കമാലി ബൈപാസിന് 6000 കോടിയും അനുവദിച്ചു. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് 5000 കോടി അനുവദിക്കും. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറ് വരിയാക്കും. റബർ അധിഷ്ഠിതമായ റോഡ് നിർമ്മാണം കേരളത്തിലെ റബർ മേഖലയ്ക്കും ഗുണകരമാകും.
കേരളത്തിന്റെ വ്യവസായ വികസനത്തിന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്ന് ചോദിച്ച കേന്ദ്രമന്ത്രി, സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയെ അനുകൂലിച്ചും മന്ത്രി സംസാരിച്ചു. പദ്ധതി നടപ്പായാൽ തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിലെ യാത്ര സമയം കുറയുമെന്നും അറിയിച്ചു. രാജ്യത്തെ മികച്ച പാർലമെൻ്റേറിയനായിരുന്നു കേരളാ വ്യവയാസ വകുപ്പ് മന്ത്രി പി രാജീവ് എന്ന് പീയുഷ് ഗോയൽ പ്രശംസിച്ചു. കേരളം എനിക്ക് ഇഷ്ടമാണ്. പക്ഷേ ഇവിടെ താമര വിരിഞ്ഞിട്ടില്ലെന്നായിരുന്നു നർമ്മം കലർത്തി പീയുഷ് ഗോയലിന്റെ മറുപടി. കൊച്ചി ജലമെട്രോയെ പ്രശംസിച്ച കേന്ദ്രമന്ത്രി ജയന്ത് ചൗധരി, വാട്ടർ മെട്രോയെ പറ്റി കേരളത്തിൽ നിന്ന് പഠിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർഥിക്കുമെന്നും അറിയിച്ചു.
ഇൻവെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിക്ക് തുടക്കം
ഇൻവെസ്റ്റ് കേരള ദ്വിദിന ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐ.കെ.ജി.എസ്) കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുത്തു.
ഒപ്പം കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ബഹ്‌റൈൻ വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ അദേൽ ഫഖ്‌റോ തുടങ്ങിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫ് അലി, സി.ഐ.ഐ പ്രസിഡന്റായ ഐടിസി ലിമിറ്റഡ് ചെയർമാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് പുരി, അദാനി പോർട്ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി എന്നിവര്‍ ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.