കൊച്ചിയില്‍ ആതിര ഗ്രൂപ്പിന്റെ പേരില്‍ 115 കോടി നിക്ഷേപ തട്ടിപ്പ്; തട്ടിപ്പിനിരയായത് സാധാരണക്കാര്‍
കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും ദിവസവേതനക്കാരുമാണ് തട്ടിപ്പിനിരയായത്. 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകര്‍ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തത്. പിന്നാലെ സ്വര്‍ണ്ണം പണയം വെച്ചവരും ചിട്ടി ചേര്‍ന്നവരും നിക്ഷേപം തിരികെ ലഭിക്കാന്‍ ഓഫിസിലും ഉടമയുടെ ഓഫിസിലും എത്തി. എന്നാല്‍ പണം തിരികെ കിട്ടാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകര്‍ പരിഭ്രാന്തരായി. കല്ല്യാണ ആവശ്യത്തിനായി 40 പവന്‍ സ്വര്‍ണം കിട്ടാനുള്ളവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ സ്വന്തം നിക്ഷേപത്തിനായി നെട്ടോട്ടമോടുകയാണ്. 115 കോടിയുടെ തട്ടിപ്പാണ് നടന്നതെങ്കില്‍ 70 കോടിയുടെ ആസ്തി മാത്രമാണ് ആതിര ഗ്രൂപ്പ് ഉടമകള്‍ക്കുള്ളതെന്ന് പൊലീസ് കണ്ടെത്തി.
ആതിര ഗ്രൂപ്പിന്റെ മറൈന്‍ ഡ്രൈവിലെ ഓഫിസിലും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധക്കാരെ പൊലീസ് ആശ്വസിപ്പിച്ചും അനുനയിപ്പിച്ചും മടക്കിയയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ പണം കിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് നിക്ഷേപകര്‍. പാതിവില തട്ടിപ്പ് ഇപ്പോഴും സജീവ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെയാണ് കൊച്ചിയില്‍ നിന്ന് കോടികളുടെ മറ്റൊരു നിക്ഷേപ തട്ടിപ്പിന്റെ വാര്‍ത്ത കൂടി പുറത്തുവരുന്നത്.