Top NewsWorld

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍

Spread the love

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാന്‍. സഹപ്രവര്‍ത്തകരുമായി ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മാര്‍പ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.

തങ്ങള്‍ പതിവുപോലെ തമാശ പറഞ്ഞുവെന്നും അദ്ദേഹത്തിന് നര്‍മ്മബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും ജോര്‍ജിയ മെലോണി പ്രസ്താവനയില്‍ പറഞ്ഞു. പോപ് ഫ്രാന്‍സിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അവര്‍ വ്യക്തമാക്കി.

ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാര്‍ത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പായുടെ ആരോഗ്യസ്ഥിതി അല്‍പം സങ്കീര്‍ണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകല്‍ സമയം അദ്ദേഹം വിശ്രമവും പ്രാര്‍ത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.

അതേസമയം, തനിക്ക് സാമീപ്യമറിയിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാര്‍ത്ഥനകള്‍ തുടരാന്‍ ഏവരോടും അഭ്യര്‍ത്ഥിച്ചു. പനി, നാഡി വേദന, ഹെര്‍ണിയ എന്നിവയുള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ മാര്‍പാപ്പയ്ക്ക് അനാരോഗ്യം ബാധിച്ചിരുന്നു.