Top NewsWorld

സെലന്‍സ്‌കി സേച്ഛാധിപതിയെന്ന് ട്രംപ്; ട്രംപ് ജീവിക്കുന്നത് റഷ്യ നല്‍കുന്ന തെറ്റായ വിവരങ്ങളിലെന്ന് സെലന്‍സ്‌കി

Spread the love

യുക്രെയ്ന്‍ പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി സേച്ഛാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സെലന്‍സ്‌കി തയാറാകുന്നില്ലെന്നും ട്രംപ് പറയുന്നു. റഷ്യ നല്‍കുന്ന തെറ്റായ വിവരങ്ങളിലാണ് ട്രംപ് ജീവിക്കുന്നതെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു. യുദ്ധവിരാമത്തിനായുള്ള ചര്‍ച്ചകളില്‍ നിന്നും യുക്രെയ്നെ ആരും ഒഴിവാക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രതികരിച്ചു. യുക്രെയ്ന്‍ നിയമം അനുസരിച്ച് യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് ആവശ്യമില്ല.

യുക്രെയ്ന്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായുള്ള രണ്ടാമത്തെ യോഗം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിളിച്ചു ചേര്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ അറിയിച്ചു. പതിനഞ്ചോളം യൂറോപ്യന്‍ രാജ്യങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും. രണ്ടു ദിവസം മുമ്പ് നടന്ന മക്രോണിന്റെ നേതൃത്വത്തില്‍ നടന്ന അടിയന്തര യോഗത്തിനുശേഷമാണ് വീണ്ടും യൂറോപ്യന്‍ നേതാക്കള്‍ യുക്രെയ്ന്‍ വിഷയത്തില്‍ യോഗം ചേരുന്നത്. യുക്രെയ്‌നില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ അമേരിക്ക നിര്‍ത്തിവെച്ചു.

റഷ്യ–ഉക്രയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റിയാദില്‍ അമേരിക്കയുടെയും റഷ്യയുടെയും ഉന്നതതല സംഘം ചര്‍ച്ച നടത്തിയിരുന്നു. യുക്രെയ്ന്‍ പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയരവെയാണ് വിമര്‍ശനങ്ങള്‍. സൗദി അറേബ്യയുമായി ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഏത് രാജ്യത്തിനും അവകാശമുണ്ട്. റഷ്യയുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയത് പ്രസിഡന്റ് പുടിനെ നീണ്ട ഒറ്റപ്പെടലില്‍നിന്ന് കരകയറ്റാന്‍ സഹായിച്ചു – സെലന്‍സ്‌കി വ്യക്തമാക്കി.