Top NewsWorld

ജീവനോടെയോ കൊന്നോ കൊണ്ടുവരിക; കൊതുകിനെ പിടിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫിലിപ്പിന്‍സിലെ നഗരം

Spread the love

കൊതുകുകളെ ജീവനോടെയോ കൊന്നോ എത്തിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഫിലിപ്പിന്‍സിലെ മനിലയിലെ പ്രാദേശിക ഭരണകൂടം. ഡങ്കിപ്പനി നഗരത്തില്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. കൊണ്ടുവരുന്ന അഞ്ച് കൊതുകിന് ഒരു പെസോ വീതമാണ് പാരിതോഷികമായി നല്‍കുക. ഇത്തരമൊരു അപൂര്‍വ പ്രഖ്യാപനം കൊതുകുപരത്തുന്ന പകര്‍ച്ചവ്യാധികളെ തടയേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മിപ്പിക്കുമെന്നും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും വില്ലേഡ് ക്യാപ്റ്റന്‍ കാര്‍ലിറ്റോ കെര്‍നല്‍ പറഞ്ഞു.

കപ്പുകളിലും ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിലും കൊതുകുകളെ നിറച്ച് നിരവധി ജനങ്ങളാണ് പാരിതോഷികം വാങ്ങാനായി കാത്തുനില്‍ക്കുന്നത്. ജനങ്ങള്‍ കൊണ്ടുവരുന്ന ജീവനുള്ള കൊതുകുകള്‍ക്കായി പ്രത്യേക ഡെത്ത് ചേംബറും പ്രാദേശിക ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ജീവനുള്ള കൊതുതുകളെ ഗ്ലാസ് കൊണ്ട് മൂടപ്പെട്ട യുവി ലൈറ്റ് യന്ത്രങ്ങളിലേക്കാണ് മാറ്റുക. കൊതുകുകളെ എണ്ണിത്തിട്ടപ്പെടുത്തി തന്നെയാണ് പണം കൈമാറുന്നതും.

വീട്ടിലെ കൊതുകുകളെ പിടിക്കുന്നതുകൂടാതെ വഴിവക്കിലും മതിലുകളിലുമിരിക്കുന്ന കൊതുതുകളെയും പിടിച്ച് കൊടുക്കുന്നവരുമുണ്ട്. കുട്ടികള്‍ക്കാണ് കൊതുകു പിടിത്തത്തിന് ഏറ്റവും ഉത്സാഹമെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ല്‍ 167,355 കേസുകളും 575 മരണങ്ങളുമാണ് ഫിലിപ്പിന്‍സില്‍ ഡങ്കിപ്പനി മൂലം റിപ്പോര്‍്ട്ട ചെയ്തത്.