കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ എന്ന് സംശയം; അഴുകിയ നിലയിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങൾ
കാക്കനാട് ടി വി സെൻററിലെ കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സംശയം. ജാർഖണ്ഡ് സ്വദേശിയായ അഡീഷണൽ കസ്റ്റംസ് കമ്മീഷണർ മനീഷ് വിജയുടെ വീട്ടിൽ നിന്നാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്സിൽ അന്വേഷിച്ച് എത്തുകയായിരുന്നു.
വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ അടുക്കള ഭാഗത്തുനിന്നായി ഒരു സ്ത്രീയുടെ മൃതദേഹം തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു.അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിൻറെ വാതിൽ തുറക്കാൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.
വീടിനകത്തെ മുറിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. മനീഷിനെ കൂടാതെ ഈ വീട്ടിൽ മൂത്ത സഹോദരിയും അമ്മയുമാണ് താമസിച്ചിരുന്നത്. കൂടുതൽ പേർ വീട്ടിനുള്ളിൽ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. നിലവിൽ എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല.