KeralaTop News

അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തും; CPIM ഇടുക്കി ജില്ലാ സെക്രട്ടറിക്കും കുടുംബത്തിനും നേരെ അന്വേഷണം

Spread the love

അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ അന്വേഷണം. പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി.

ജീവനിൽ പേടിയുള്ള പൊതുപ്രവർത്തകൻ എന്ന പേരിൽ ജില്ലാ കളക്ടർക്ക് രേഖാമൂലം ലഭിച്ച പരാതിയിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസിനും, മകൻ അമൽ വർഗീസിനും, മരുമകൻ സജിത്ത് കടലാടിക്കും എതിരായ അന്വേഷണം. ഇടുക്കി, പീരുമേട്, ഉടുമ്പൻചോല,ദേവികുളം താലൂക്കുകളിലെ വില്ലേജുകളിൽ റോഡ് നിർമാണത്തിന്റെയും കുളം നിർമാണത്തിന്റെയും മറവിൽ അനധികൃതമായി പാറയും, മണ്ണും ഖനനം നടത്തുന്നു എന്ന് പരാതിയിൽ പറയുന്നു.

ജില്ലാ സെക്രട്ടറിയുടെ മരുമകൻ സജിത്ത് അനധികൃത ഖനനം നടത്തിയെന്നും 2108 സ്ക്വയർ മീറ്റർ പാറ പൊട്ടിച്ച് കടത്തിയെന്നും ജില്ലാ ജിയോളജിസ്റ്റ് കണ്ടെത്തിയിരുന്നു.

അനധികൃത ഖനനം കണ്ടെത്തിയിട്ടും സി വി വർഗീസിന്റെ മരുമകനെതിരെ നടപടി എടുത്തിരുന്നില്ല.വില്ലേജ് ഓഫീസർ തയ്യാറാക്കിയ മഹസറിലെ അളവുകളിലും വ്യാത്യാസം കണ്ടെത്തിയിരുന്നു. താലൂക്ക് സർവെയർ അളക്കണമെന്ന നിർദ്ദേശവും നടപ്പിലായില്ല.

അതേസമയം, നൂറുകണക്കിന് ലോഡ് പാറ ഓരോ ദിവസവും പൊട്ടിച്ച് കടത്തുന്നു എന്നാണ് പരാതി. തഹസിൽദാർ മുതൽ പൊലീസ്, മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർക്ക് വരെ മാസപ്പടി നൽകുന്നുവെന്നും ആരോപണം. 2024 ഡിസംബറിൽ ആണ് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് എതിരായ രേഖാമൂലമുള്ള പരാതി ജില്ലാ കളക്ടർക്ക് ലഭിക്കുന്നത്. സിപിഐഎം ഏരിയാ സമ്മേളനങ്ങളിൽ സി വി വർഗീസിനെതിരെ ക്വാറി മാഫിയ ബന്ധം ഉന്നയിച്ച് വിമർശനവും ഉയർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർമാർ വില്ലേജ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല. അന്വേഷണവുമായി ബന്ധപ്പെട്ട് സി വി വർഗീസിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.