KeralaTop News

KSEB ജീവനക്കാരി ലോറി കയറി മരിച്ച സംഭവം ; അപകടത്തിന് ഇടയാക്കിയത് അശാസ്ത്രീയമായ പൊലീസ് പരിശോധനയെന്ന് കെഎസ്ഇബി ; ജില്ലാ കലക്ടർക്ക് പരാതി നൽകി

Spread the love

എറണാകുളം കളമശേരിയില്‍ വാഹനപരിശോധനയ്ക്കിടെ KSEB ജീവനക്കാരി ലോറി കയറി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കെഎസ്ഇബി. വി എം മീനയുടെ മരണത്തിന് ഇടയാക്കിയത് പൊലീസ് പരിശോധനയെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ റജികുമാര്‍ പറഞ്ഞു. പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചു. പരിശോധനാ ദൃശ്യങ്ങള്‍ കൈമാറി. ഇന്നലെ വൈകിട്ടാണ് കെഎസ്ഇബി ജീവനക്കാരി വി എം മീന അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

റോഡിന്റെ ഏതാണ്ട് മധ്യഭാഗം വരെ കടന്നു കയറിക്കൊണ്ടുള്ള വാഹന പരിശോധനയാണ് വീഡിയോയില്‍ കാണുന്നത്. റോഡിലേക്ക് കയറി നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിക്കാതിരിക്കാന്‍ വേണ്ടി വാഹനം വെട്ടിച്ചു മാറ്റിയപ്പോഴാണ് ലോറിയുടെ അടിയില്‍ പെടുന്നത് – റജികുമാര്‍ പറഞ്ഞു. ഇത്തരം സ്ഥലങ്ങളില്‍ വാഹന പരിശോധനക്ക് സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു. തിരക്കുള്ള എച്ച്എംടി ജംഗ്ഷനിലായിരുന്നു വാഹന പരിശോധന.

പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൂടി പരാതി ഇന്നു തന്നെ നല്‍കാനാണ് കെഎസ്ഇബി എറണാകുളം ഡിവിഷന്റെ തീരുമാനം.