ചേർന്ന് നിന്ന് ഏഴാറ്റുമുഖം ഗണപതി, വെല്ലുവിളി ഉയർത്തി കാട്ടുകൊമ്പൻ; ഒടുവിൽ ദൗത്യം വിജയം, മയക്കുവെടിയേറ്റ കാട്ടാനയെ പിടികൂടി
അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടി വെച്ചു പിടികൂടി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആനയെ അനിമൽ ആംബുലൻസിൽ കയറ്റി. കുങ്കിയാനകളെ ഉപയോഗിച്ചാണ് കാട്ടാനയെ വാഹനത്തിൽ കയറ്റിയത്. കോടനാട് അഭയാരണ്യത്തിലേക്കാണ് ആനയെ മാറ്റുക. മസ്തകത്തിലെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ച ശേഷമാണ് ആനയെ ഉയർത്തിയത്.
മയക്കുവെടി വെച്ച ശേഷം വെല്ലുവിളിയായി ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാന ദൗത്യ സംഘത്തിന് വെല്ലുവിളി ഉയർത്തിയത്. രാവിലെ ആനയെ സ്പോട്ട് ചെയ്തത് മുതൽ ഏഴാറ്റുമുഖം ഗണപതി മുറിവേറ്റ ആനയ്ക്കൊപ്പം ഉണ്ടായിരുന്നു. പ്ലാന്റേഷൻ ഭാഗത്തേക്ക് നീങ്ങിയപ്പോഴും ആനയെ മയക്കുവെടി വെച്ചപ്പോഴും ഏഴാറ്റുമുഖം ഗണപതി ആനക്കൊപ്പം ഉണ്ടായിരുന്നു. ഒറ്റ ഡോസ് മയക്കുവെടിയായിരുന്നു വെച്ചത്. ആന മയക്കത്തിലേക്ക് നീങ്ങിയതോടെ ഏഴാറ്റുമുഖം ഗണപതി ഉണർത്താനുള്ള ശ്രമങ്ങൾ നടത്തി.
തുമ്പിക്കൈ കൊണ്ട് തലോടിയും കൊമ്പ് ഉപയോഗിച്ച് കുത്തിയുമാണ് ഏഴാറ്റുമുഖം ഗണപതി മയക്കുവെടിയേറ്റ ആനയെ ഉണർത്താൻ ശ്രമിച്ചത്. ആന അനങ്ങാതെ നിന്നതോടെയായിരുന്നു ഏഴാറ്റുമുഖം ഗണപതിയുടെ നീക്കം. പരുക്കേറ്റ ആനയെ വലിയ രീതിയിൽ ചിന്നം വിളിച്ച് ഉണർത്താനും കാട്ടുകൊമ്പൻ ശ്രമിച്ചു. ഒടുവിൽ കൊമ്പ് കൊണ്ട് കുത്തുന്നതിനിടയിൽ മയക്കുവെടിയേറ്റ ആന മറിഞ്ഞുവീണു. ഇതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ റബ്ബർ ബുള്ളറ്റ് പ്രയോഗിച്ച് തുരുത്തുകയായിരുന്നു. അതുവരെ പരുക്കേറ്റ ആനയെ ചേർത്തുപിടിച്ചാണ് ഏഴാറ്റുമുഖം ഗണപതി നിലകൊണ്ടത്.
റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചതോടെ ആന ഭയന്ന് വനത്തിനുള്ളിലേക്ക് കയറുകയായിരുന്നു. ഏഴാറ്റുമുഖം ഗണപതി തിരികെ വരാൻ സാധ്യതയുള്ളതിനാൽ സ്ഥലത്ത് ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകിയിരുന്നെങ്കിലും വനത്തിനുള്ളിലേക്ക് കയറിയ കൊമ്പൻ മടങ്ങി വന്നില്ല. അതേസമയം പരുക്കേറ്റ ആന മറിഞ്ഞുവീണത് ദൗത്യ സംഘത്തിന് ഗുണമായി. മുറിവ് വൃത്തിയാക്കാൻ എളുപ്പമായി. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ എഴുന്നേൽപ്പിക്കാനുള്ള നീക്കത്തിനിടെ ആന തനിയെ എഴുന്നേറ്റു. തുടർന്ന് താത്കാലികമായി റോഡ് നിർമ്മിച്ച് അനിമൽ ആംബുലൻസ് എത്തിച്ചു. പിന്നാലെ കുങ്കിയാനകളെ ഉപയോഗിച്ച് തള്ളി അനിമൽ ആംബുലൻസിലേക്ക് കയറ്റുകയായിരുന്നു.