KeralaTop News

‘ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കട്ടെ; എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പ്’ ; രമേശ് ചെന്നിത്തല

Spread the love

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എതിരായ നിലപാടാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്വീകരിക്കുന്നത്. റാഗിങ് പ്രതികളെ സംരക്ഷിക്കുകയാണ്. ഇന്നലെ സിദ്ധാര്‍ത്ഥിന്റെ ഒന്നാം ചരമദിനമായിരുന്നു. സിദ്ധാര്‍ത്ഥിനെ കൊന്നവരെ മുഴുവന്‍ സംരക്ഷിക്കുകയാണ്. ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രവര്‍ത്തിക്കുന്നത്. ആദ്യം അവര് ചെയ്യേണ്ടത് കേരളത്തിലെ ക്യാംപസുകളിലെ റാഗിങ് അവസാനിപ്പിക്കുകയാണ്. റാഗ് ചെയ്യുന്ന എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പും കാര്യങ്ങളും നടത്തുന്നത് – അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ തങ്ങളുടെ പോരാട്ടം സിപിഐഎമ്മിനെതിരായ പോരാട്ടമാണെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ ഒരു പരാജയം തന്നെയാണ്. ഒരു നല്ല വ്യവസായ അന്തരീക്ഷവും കേരളത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പോരാടുകയാണെന്നും അതിനോടപ്പം ശശി തരൂര്‍ ഉണ്ടാകണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മന്ത്രി എം ബി രാജേഷിനെതിരെയും ചെന്നിത്തല രംഗത്തെത്തിയിരുന്നു. എക്‌സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവന്‍ വെല്ലുവിളിക്കുകയാണെന്നാണ്് രമേശ് ചെന്നിത്തല പറഞ്ഞത്. മദ്യ കമ്പനികളുടെ വക്താവായി എക്‌സൈസ് വകുപ്പ് മന്ത്രി സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും മദ്യ കമ്പനി കൊണ്ടുവരണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രിക്ക് ഇത്ര നിര്‍ബന്ധം എന്താണെന്നും് അദ്ദേഹം ചോദിച്ചു. തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു. പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ സംവാദത്തില്‍ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.