KeralaTop News

‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല; കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല’; രമേശ് ചെന്നിത്തല

Spread the love

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉള്ള വ്യവസായങ്ങൾ കൂടി പൂട്ടിക്കൊണ്ടിരിക്കുകയാണ്. തരൂർ വിഷയം ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചതാണ്. കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സംഘടനയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

എക്സൈസ് വകുപ്പ് മന്ത്രി ആളുകളെ മുഴുവൻ വെല്ലുവിളിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യ കമ്പനികളുടെ വക്താവായി എക്സൈസ് വകുപ്പ് മന്ത്രി സംസാരിക്കുന്നത് ദൗർഭാഗ്യകരം. മദ്യ കമ്പനി കൊണ്ടുവരണമെന്ന് എക്സൈസ് വകുപ്പ് മന്ത്രിക്ക് ഇത്ര നിർബന്ധം എന്താണെന്ന് അദ്ദേഹം ചോദിച്ചു. തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടു. പാലക്കാട്‌ എംപി വി.കെ.ശ്രീകണ്ഠൻ സംവാദത്തിൽ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മദ്യ കമ്പനി കൊണ്ടുവരുന്നതിന് പിന്നിൽ വൻ അഴിമതിയാണെന്നും ഘടകകക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെ ഏകപക്ഷീയമായാണ് തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐഎം നടത്തുന്ന വൻ കൊള്ളയാണിത്. ഈ ധാർഷ്ട്യം ആർക്കുവേണ്ടി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ വളർന്നുവരികയാണ്. കുടിവെള്ളത്തിനായി ജനങ്ങൾ പ്രയാസപ്പെടുന്ന അവിടെ മദ്യ കമ്പനി കൊണ്ടുവരുന്നത് ആർക്കുവേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

നാടുനീളെ ആളുകളുകളെ മന്ത്രി വെല്ലുവിളിച്ചിട്ട് കാര്യമില്ലെന്നും ഇതിന് പിന്നിലുള്ള അഴിമതി പുറത്തുകൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് ഞങ്ങൾ നടത്തുന്നത്. മദ്യനിർമാണശാല വിഷയത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനേയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും മന്ത്രി എംബി രാജേഷ് സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. മന്ത്രി എം ബി രാജേഷിനെ വികെ ശ്രീകണ്ഠൻ എംപി സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ആദ്യം ആരോപണം ഉന്നയിച്ചത് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് അവരോട് സംവാദിക്കാം. അവർ തയ്യാറെങ്കിൽ സംവാദത്തിന് ഒരുക്കമാണെന്ന് എംബി രാജേഷ് പറഞ്ഞിരുന്നു.