KeralaTop News

നെന്മാറ ഇരട്ടക്കൊലക്കേസ്: കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് ചെന്താമര

Spread the love

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് പ്രതി ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ അഭിഭാഷകനോട് സംസാരിച്ചതിന് ശേഷമാണ് നിലപാട് മാറ്റം. ചെന്താമര കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ ജേക്കബ് മാത്യു പറഞ്ഞു. കുറ്റസമ്മതത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ചെന്താമരയ്ക്ക് മുന്‍പ് അറിയില്ലായിരുന്നുവെന്നും അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തിയപ്പോള്‍ കുറ്റംസമ്മതിക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു.

അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിട്ടത്. രഹസ്യമൊഴി രേഖപ്പെടുത്താന്‍ ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം, ചെന്താമരയുടെ ആദ്യ കേസിന്റെ ജാമ്യം റദ്ദാക്കി. 2019ല്‍ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ഈ കേസിലെ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴാണ് ചെന്താമര സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊന്നത്. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കല്‍ നടപടി.