KeralaTop News

LDF യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും; എലപ്പുള്ളി മദ്യനിർമാണ ശാല, കിഫ്ബി റോഡുകളിൽ യൂസർ ഫീ എന്നിവ CPI എതിർക്കും

Spread the love

വിവാദ വിഷയങ്ങൾക്കിടെ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്ക് അനുമതി നൽകാനുള്ള തീരുമാനത്തേയും, കിഫ്ബി റോഡുകളിൽ യൂസർ ഫീ പിരിക്കാനുള്ള നീക്കത്തെയും സിപിഐ എതിർക്കും. കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തോടുള്ള അവഗണനക്കെതിരായ സമരപരിപാടികളാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

പാലക്കാട് എലപ്പുള്ളിയിലെ വൻകിട മദ്യനിർമ്മാണ ശാല, കിഫ്ബി യൂസർ ഫീ, സ്വകാര്യ സർവകലാശാലയ്ക്ക് അനുമതി നൽകൽ തുടങ്ങിയ വിവാദങ്ങൾക്കിടെയാണ് എൽഡിഎഫ് നേതൃയോഗം. ഉച്ചകഴിഞ്ഞ് 3.30ന് സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലാണ് യോഗം. എലപ്പുള്ളിയിൽ വൻകിട മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയ വിഷയവും യോഗത്തിൽ ചർച്ചയാകും.

മദ്യനിർമാണശാല സംബന്ധിച്ച പാർട്ടി നിലപാട് സിപിഐ മുന്നണി യോഗത്തിൽ ഉന്നയിക്കും. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർജെഡിയും കത്ത് നൽകിയിട്ടുണ്ട്. കിഫ്ബി റോഡുകളിൽ നിന്ന് യൂസർ ഫീ പിരിക്കാനുള്ള നിർദേശത്തിന് എതിരെയും എതിർപ്പ് ഉയരാൻ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ തീരുമാനങ്ങളിലേക്ക് സർക്കാർ കടക്കരുതെന്ന് സിപിഐ എക്സിക്യൂട്ടീവിൽ ഉയർന്ന അഭിപ്രായം.

സർക്കാരും എൽഡിഎഫും ജനങ്ങളുടെ വിശ്വാസം ആർജിക്കുന്ന നടപടികളിലേക്ക് കടക്കണം. പൊതുവിതരണവും ക്ഷേമകാര്യങ്ങളും മെച്ചപ്പെടുത്തണം. നിർദേശങ്ങൾ എൽഡിഎഫ് നേതൃത്വത്തെ അറിയിക്കാനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ധാരണയായി. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇടത് മുന്നണി വിവാദങ്ങൾ ഒഴിവാക്കണമെന്ന് സിപിഐ. ഭരണവകുപ്പുകൾ ഇനിയും മെച്ചപ്പെടണമെന്നും സിപിഐ എക്സിക്യൂട്ടീവിൽ അഭിപ്രായം ഉയർന്നു.