ബസ് പെര്‍മിറ്റ് പുതുക്കാന്‍ കാശും കുപ്പിയും; കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍
കൈക്കൂലിക്കേസില്‍ എറണാകുളം ആര്‍ടിഒ കസ്റ്റഡിയില്‍. ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനാണ് നടപടി. എറണാകുളം ആര്‍ടിഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ ശേഷമാണ് നടപടി. കൈക്കൂലി വാങ്ങാനെത്തിയ ഏജന്റ് സജിയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബസിന്റെ പെര്‍മിറ്റുമായി ബന്ധപ്പെട്ട് ആര്‍ടിഒ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. പണം കൈമാറിയ ഏജന്റ് സജിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആര്‍ടിഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു.
ബസിന് പെര്‍മിറ്റ് അനുവദിക്കാന്‍ ബസുടമയോട് മദ്യവും പണവും ആര്‍ടിഒ ആവശ്യപ്പെട്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പെര്‍മിറ്റിന്റെ പേപ്പര്‍ നല്‍കാന്‍ വന്നയാള്‍ പണവും മദ്യവും കൊണ്ടുവന്നിരുന്നു. ഇത് ഒരു ഏജന്റിന് നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. പണം വാങ്ങുന്നതിനിടെയാണ് ഏജന്റിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ആര്‍ടിഒയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.