ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; സത്യപ്രതിജ്ഞ ചടങ്ങ് നാളെ
ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. ഇന്ന് നടക്കുന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിനുശേഷം മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്ഡെ, തരുൺ ചങ് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. 27 വർഷത്തിനുശേഷം ഡൽഹിയിൽ ഉജ്ജ്വല വിജയം നേടിയ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ രാവിലെ 11മണിക്ക് രാംലീല മൈതാനത്ത് നടക്കും. ചടങ്ങ് വൻ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സത്യപ്രതിജ്ഞ ചടങ്ങിൽ 50 സിനിമ ക്രിക്കറ്റ് താരങ്ങൾ അടക്കം വിവിധ മേഖലകളിൽ നിന്നുള്ള പ്രഗൽഭർക്ക് ക്ഷണം ഉണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി മുപ്പതിനായിരത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും സാന്നിധ്യം ചടങ്ങിൽ ഉറപ്പാക്കുമെന്ന് ഡൽഹി ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു.