KeralaTop News

മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഇന്ന്; ദൗത്യം ദുഷ്കരമെന്ന് വനംവകുപ്പ്

Spread the love

അതിരപ്പിള്ളിയിലെ മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കുന്നതിനുള്ള ദൗത്യം ഉടൻ ആരംഭിക്കും. ആന വനംവകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായതോടെ ആനയെ കണ്ടെത്താൻ ശ്രമം നടക്കുന്നു. ആനയെ പിടികൂടിയാൽ കോടനാട് അഭയാരണ്യത്തിലേക്ക് മാറ്റും. വനംവകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ അടക്കമുള്ള സംഘം അതിരപ്പിള്ളിയിൽ എത്തും. ദൗത്യം അതീവ ദുഷ്കരം എന്ന് വനംവകുപ്പ്.

ആനയെ പിടികൂടാനായി മൂന്ന് കുങ്കിയാനകളെയും അതിരപ്പള്ളിയിൽ എത്തിച്ചിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിൻ്റെ ഭാഗമായിരുന്ന കോന്നി സുരേന്ദ്രൻ, കുഞ്ചു , വിക്രം തുടങ്ങിയ കുങ്കിയാനകളെയാണ് അതിരപ്പിള്ളിയിൽ എത്തിച്ചത്. എറണാകുളം കോടനാട്ടെ അഭയാരണ്യത്തിലെ ആനക്കൂട് ബലപ്പെടുത്താനുള്ള ജോലികളും ഒരു വശത്ത് ആരംഭിച്ചിരുന്നു. മൂന്നാറിൽ നിന്നും 100ൽ അധികം യൂക്കാലിപ്സ് മരങ്ങളാണ് ഇതിനായി കോടനാട്ടേക്ക് എത്തിച്ചിരിക്കുന്നത്.

ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ നിരീക്ഷിച്ചതിന് ശേഷമാകും കൊമ്പന് മയക്കുവെടി വെക്കാനുള്ള സമയം തീരുമാനിക്കുക. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ള കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. ആനയെ മയക്കുവെടി വെച്ച് പിടികൂടിയാൽ അതിജീവിക്കാൻ 30 ശതമാനം മാത്രമെ സാധ്യതയുള്ളൂ എന്നാണ് വനംവകുപ്പ് ഉന്നതല യോഗത്തിൽ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കിയത്. എന്തായാലും പിടികൂടി ചികിത്സിക്കാൻ തന്നെയാണ് തീരുമാനം.