KeralaTop News

സിസിടിവി ദൃശ്യങ്ങള്‍ തെളിവായി; തിരുവനന്തപുരം ഗവണ്‍മെന്റ് കോളജില്‍ റാഗിംഗ് നടന്നെന്ന് സ്ഥിരീകരിച്ച് ആന്റി റാഗിംഗ് കമ്മിറ്റി

Spread the love

തിരുവനന്തപുരം ഗവണ്‍മെന്റ് കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ച് ആന്റി റാഗിംഗ് കമ്മിറ്റി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്റി -റാഗിംങ് കമ്മിറ്റിയാണ് കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ഏഴോളം പേര്‍ക്കെതിരെയാണ് പരാതി. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ പതിനൊന്നാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റിരുന്നു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുത്തിരുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴ് പേരാണ് റാഗിംഗ് നടത്തിയതെന്നാണ് പരാതി. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ ഇന്ന് കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിംങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.