മംഗലാപുരം ഇൻഡ്യാനയിൽ എ.ഐ അധിഷ്ഠിത വയർലെസ്സ് പേസ്മേക്കർ വിജയകരമായി സ്ഥാപിച്ചു
മംഗലാപുരം: തീരദേശ കർണാടകയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ വയർലെസ്സ് പേസ്മേക്കർ മംഗലാപുരം ഇൻഡ്യാന ഹോസ്പിറ്റലിൽ വിജയകരമായി സ്ഥാപിച്ചു. 83 വയസ്സ് പ്രായമുള്ള മംഗലാപുരം സ്വദേശിനിയായ രോഗിയിലാണ് മറ്റു ചികിത്സകൾ ഫലപ്രദമല്ലെന്ന നിഗമനത്തിൽ നൂതനസാങ്കേതിവിദ്യ പരീക്ഷിച്ചത്.
ഹൃദയസ്തംഭനത്തോടെ പ്രവേശിക്കപ്പെട്ട രോഗിയുടെ ഹൃദയത്തിനു സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇരട്ടിയോളമായിരുന്നു ഹൃദയമിടിപ്പിന്റെ നിരക്ക്. ടാക്കി ബ്രാഡി സിൻഡ്രോം എന്ന അപൂർവയിനം ഹൃദയരോഗമായിരുന്നു ഈ അവസ്ഥയ്ക്ക് കാരണം. ഈ രോഗമുള്ളവരുടെ ഹൃദയമിടിപ്പ് കൂടിയും കുറഞ്ഞും കൊണ്ടിരിക്കും. ഇൻഡ്യാനയിലെ കാർഡിയോളജി ടീമിന്റെ പരിശോധനയിൽ പേസ്മേക്കർ സ്ഥാപിക്കാനും തുടർന്ന് റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ നടത്താനും തീരുമാനിച്ചു. എന്നാൽ രോഗിയുടെ പ്രായവും രോഗിയുടെ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ഉയർന്ന അണുബാധയുടെ സാധ്യതയും കണക്കിലെടുത്ത് നൂതനമായ എ.ഐ അധിഷ്ഠിത വയർലെസ്സ് പേസ്മേക്കർ പരീക്ഷിക്കാമെന്നു നിർദ്ദേശിക്കുകയായിരുന്നു.
സാധാരണ പേസ്‌മേക്കറുകൾ നെഞ്ചിന്റെ ഭാഗത്ത് സ്ഥാപിച്ച ശേഷം വയറുകൾ വഴിയാണ് ഹൃദയത്തിന്റെ ഭിത്തിയിൽ ബന്ധിപ്പിക്കുന്നതും സിഗ്നലുകൾ നൽകുന്നതും. എന്നാൽ പുതിയ സാങ്കേതികവിദ്യയിൽ ഞരമ്പിലൂടെ പേസ്മേക്കർ ഉപകരണം കടത്തിവിട്ട് ഹൃദയത്തിന്റെ ഭിത്തിയിൽ നേരിട്ട് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ മുറിവുകളുടെ ആവശ്യം ഏറെക്കുറെ പൂർണമായും ഒഴിവാകുന്നത് കൊണ്ടുതന്നെ അണുബാധയുടെ സാധ്യതയും ഇല്ലാതാകുന്നു. 5 മുതൽ 15 വർഷം വരെയാണ് ഇത്തരം പേസ്‌മേക്കറുകളുടെ കാലാവധി.
ഇൻഡ്യാനയിലെ ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. യൂസഫ് കുംബ്ലെ, ഇലക്ട്രോ ഫിസിയോളജിസ്റ്റായ ഡോ. മനീഷ് റായ്, ഡോ. ഗാരി വലേറിയൻ പയസ് (ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്), ഡോ. സുഖൻ ഷെട്ടി (കാർഡിയാക് അനസ്തറ്റിസ്റ്റ്), ഡോ. ഡോ.പ്രവീൺ ശ്രീകുമാർ എന്നിവർ നേതൃത്ത്വം നൽകി. എ.ഐ ഉൾപ്പടെയുള്ള പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഹൃദയരോഗചികിത്സ കൂടുതൽ ഫലപ്രദമായി ഇൻഡ്യാനയിൽ ചെയ്യാൻ കഴിയുന്നതിൽ അഭിമാനവും ചാരിതാർഥ്യവും ഉണ്ടെന്നു ഡോ. യൂസഫ് കുംബ്ലെ അഭിപ്രായപ്പെട്ടു. കർണാടകയ്ക്ക് പുറമെ വടക്കൻ കേരളത്തില ജനങ്ങൾക്ക് കൂടി ഇത്തരം പുത്തൻ സങ്കേതങ്ങൾ പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു