KeralaTop News

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

Spread the love

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. അന്വേഷണസംഘത്തിൻ്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ ഉത്തരവിട്ടത്. രഹസ്യമൊഴി രേഖപ്പെടുത്താൻ ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയെ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തി. ഉത്തരവിന് പിന്നാലെ ചെന്താമരയെ ചിറ്റൂർ കോടതിയിൽ എത്തിച്ചെങ്കിലും പിന്നീട് തിരികെ കൊണ്ടുപോകുകയായിരുന്നു.

ഒരുദിവസം വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ പ്രത്യേക സെല്ലിൽ നിരീക്ഷിച്ച ശേഷം മൊഴി രേഖപ്പെടുത്താമെന്ന് കോടതി അറിയിച്ചു. കോടതി ഉത്തരവ് പ്രകാരം നാളെ ചെന്താമരയെ ചിറ്റൂരിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തും. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കിയാകും രഹസ്യ മൊഴിയെടുക്കുക.

അതേസമയം, പോത്തുണ്ടി ഇരട്ട കൊലപാതകത്തിൽ പൊലീസ് അതിവേഗം കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടുപോകുന്ന സമയത്താണ് കേസിലെ രണ്ടു സാക്ഷികൾ മൊഴിമാറ്റിയത്.ചെന്താമര ഇനിയും ജാമ്യത്തിൽ ഇറങ്ങിയാൽ തങ്ങളെ കൊല്ലുമോ എന്ന ഭയമാണ് മൊഴി മാറ്റത്തിന് കാരണം. എന്നാൽ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ വ്യക്തമാക്കിയിരുന്നു. പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകളാണ് ഉള്ളത്. കേസിൽ മാർച്ച് 15 നു മുൻപ് കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് നീക്കം.