NationalTop News

‘മഹാകുംഭമേളയ്ക്കിടെ മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയ ഗംഗയിൽ ഉയർന്ന അളവിൽ കണ്ടെത്തി’; കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

Spread the love

മഹാകുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ഉള്ളതായി റിപ്പോർട്ട്. മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്.

ദി ഹിന്ദു ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദിനീയമായതിലും ഉയര്‍ന്നതാണെന്നാണ് യു.പി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. 100 മില്ലി ലിറ്റര്‍ ജലത്തില്‍ 2500 യൂണിറ്റുകള്‍ മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദിനീയമായ പരമാവധി അളവ്.

പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയില്‍ പുണ്യസ്‌നാനം നടത്തിയത്. ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.

ട്രൈബ്യൂണല്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിദഗ്ധ അംഗമായ എ. സെന്തില്‍ വേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗംഗാനദിയുടെ പ്രയാഗ്‌രാജിലെ ജലത്തിന്റെ ഗുണനിലവാരം പരിപാലിക്കേണ്ട ചുമതലയുള്ള, യു.പി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയോട് ബുധനാഴ്ച വെര്‍ച്വലായി ഹാജരാകാന്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.