NationalTop News

ബിയർ പാർലർ അല്ല, വീര്യം കുറഞ്ഞ മദ്യം മാത്രം വിൽക്കുന്ന പുതിയ ബാറുകൾ തുറക്കാൻ മധ്യപ്രദേശ്

Spread the love

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന ബാറുകൾ അനുവദിക്കാൻ മധ്യപ്രദേശ് സ‍ർക്കാരിൻ്റെ തീരുമാനം. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം മുതൽ ഇത്തരത്തിലുള്ള ബാറുകൾ സ്ഥാപിക്കും. പുതിയ എക്സൈസ് നയത്തിലാണ് ഈ മാറ്റം. എന്നാൽ 17 പുണ്യനഗരങ്ങളടക്കം 19 സ്ഥലങ്ങളിൽ മദ്യ നിരോധനം നിലനിൽക്കും.

പത്ത് ശതമാനം ആൽക്കഹോൾ കണ്ടൻ്റ് അടങ്ങിയ ബിയർ, വൈൻ, റെഡി-ടു-ഡ്രിങ്ക് ലഹരിപാനീയങ്ങൾ മാത്രമാണ് പുതിയ തരം ബാറുകൾ വഴി വിൽക്കുക. ഇവിടെ സ്പിരിറ്റ് കർശനമായി നിരോധിക്കുമെന്നും സർക്കാർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 470 ഓളം ബാറുകളാണ് പ്രവർത്തിക്കുന്നത്. സർക്കാരിൻ്റെ പുതിയ തീരുമാനത്തോടെ ബാറുകളുടെ എണ്ണം വർധിക്കും.

ഏതേസമയം സംസ്ഥാനത്ത് മദ്യനിരോധനം ഏ‍ർപ്പെടുത്തിയ 19 സ്ഥലങ്ങളിലായി അടുത്ത സാമ്പത്തിക വർഷം മുതൽ 47 മദ്യശാലകൾ അടച്ചുപൂട്ടും. ഉജ്ജയിൻ, ഓംകാരേശ്വർ, മഹേശ്വര്, മണ്ഡ്ലേശ്വർ, ഓർച്ച, മൈഹാർ, ചിത്രകൂട്, ദാതിയ, അമർകണ്ടക്, സൽകാൻപൂർ എന്നിവയാണ് മദ്യ നിരോധനം ഏ‍ർപ്പെടുത്തിയ ചില പുണ്യ നഗരങ്ങൾ. ഇതിലൂടെ സർക്കാരിന് 450 കോടിയുടെ വരുമാന നഷ്ടമുണ്ടാകും. എന്നാൽ പുതിയ എക്സൈസ് നയം പ്രകാരം മദ്യശാലകളുടെ പുതുക്കൽ ഫീസ് 20 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യശാലകൾ ആരംഭിക്കുക കൂടി ചെയ്താൽ വരുമാന നഷ്ടം മറികടക്കാനാവുമെന്ന് സ‍ർക്കാർ കണക്കുകൂട്ടുന്നു.

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി മുന്തിരി, ജാമുൻ എന്നിവയ്ക്ക് പുറമേ, മധ്യപ്രദേശിൽ ഉൽപ്പാദിപ്പിച്ച് ശേഖരിക്കുന്ന മറ്റ് പഴങ്ങളിൽ നിന്നും തേനിൽ നിന്നുമുള്ള വൈൻ ഉത്പാദനം അനുവദിക്കാനും തീരുമാനമുണ്ട്. വൈൻ ഉൽപ്പാദന യൂണിറ്റുകൾക്ക് സമീപത്ത് ഇവരുടെ ചില്ലറ വിൽപ്പന ശാലകൾ തുറക്കാൻ അനുവദിക്കും. വൈനറികളിൽ വിനോദസഞ്ചാരികൾക്ക് വൈൻ രുചി അറിയാനുള്ള സൗകര്യമൊരുക്കാനും അനുവാദം നൽകും. ഒപ്പം വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റുകൾക്ക് മദ്യം നിർമ്മിക്കാനും സംഭരിക്കാനും കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും വിൽക്കാനും അനുമതി നൽകും. സംസ്ഥാനത്തെ 3,600 കമ്പോസിറ്റ് മദ്യശാലകൾ ഈ സാമ്പത്തിക വർഷം ഏകദേശം 15,200 കോടി രൂപയുടെ വരുമാനം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ നയം മാറ്റം ഈ മദ്യശാലകളുടെ വരുമാനവും ഉയ‍ർത്തും.